പ്രേമത്തിന് കണ്ണില്ല കാലില്ല എന്നൊക്കെ പണ്ട് മുതലെ കേൾക്കുന്നുണ്ട്. ആ സിദ്ധാന്തം മനസ്സിൽ പതിഞ്ഞു കിടക്കുന്നത് കൊണ്ടായിരിക്കും ഇതുവരെ കാണാത്ത അവളെ കാണാൻ ഒരു പൂതി തോന്നിയത്. ഗൾഫ് ജീവിതം തുടങ്ങി ചില ദിവസങ്ങൾ പിന്നിട്ടതെയുള്ളു. ഇതുവരെ തോന്നാത്തത് ഓരോന്ന് മനസ്സിൽ തോന്നി തുടങ്ങുന്നു . കഷ്ടം, കഷ്ടം .........കൂട്ടുകാര് പറഞ്ഞാണ് ഞാൻ അവളെ പറ്റി അറിയുന്നത്. അറിഞ്ഞ സമയം മുതൽ അവളെ കാണാനുള്ള ആഗ്രഹം മനസ്സിൽ അണപൊട്ടി. ചൂട് സമയങ്ങളിൽ അവൾ അധികം പുറത്തിറങ്ങാറില്ല. എന്തായാലും അവളെ കാണാൻ കണ്ണ് വെമ്പി തുടങ്ങി.
ചില ദിവസങ്ങൾക്ക് ശേഷം ഒരു കൂടുകാരന്റെ റൂമിൽ വെച്ച് അപ്രതീഷമായി ആണ് അവളെ കാണുന്നത് . കുഴപ്പമില്ല. ആള് കറുമ്പിയും കൊച്ചു കുറുമ്പിയുമാണ്. അവളുടെ ഓരോ ചലനങ്ങളും എന്നെ വല്ലാതെ ആകർഷിച്ചു. കുറച്ചു സമയം അവിടെ ചിലവഴിച്ചതിനു ശേഷം തിരികെ റൂമിൽ എത്തി.
അവധി ദിവസം ആയതു കൊണ്ട് ഉച്ച ഊണിനു ശേഷം ഒന്ന് മയങ്ങാം എന്ന് വെച്ചു. മയക്കം സ്വപ്നത്തിലേക്ക് വഴി മാറി. സ്വപനത്തിൽ അവൾ മാത്രം ആയിരുന്നു.
ശരീരത്തിലെ അസഹനീയമായ ചൊറിച്ചിലും വേദനയും കാരണം ആണ് ഉറക്കം ഉണർന്നത്. ദേഹത്ത് പല ഭാഗങ്ങളിലും നല്ല തടിപ്പ്., ദേഹം കുത്തി പൊളിയുന്ന വേദന.
ഒടുവിൽ ആണ് ഞാൻ ആ സത്യം മനസ്സിൽ ആകുന്നതു . ഞാൻ പോലും അറിയാതെ എന്റെ കൂടെ പോരുന്ന ആ സുന്ദരി എന്നെ കണ്ണിറുക്കി കാണിച്ചു ഭിത്തിയിലൂടെ ഇഴഞ്ഞു പോകുമ്പോൾ അവളുടെ വയറു നിറയെ എന്റെ ചോര ആയിരുന്നു ......