2016 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

പൂവണിഞ്ഞ സ്വപ്നം




         


      

        അലാറം കേള്‍ക്കാതെ ഉണരുന്നത് കൊണ്ടായിരിക്കാം വെള്ളിയാഴ്ച എനിക്ക് ഒത്തിരി ഇഷ്ടമാണ്. എനിക്ക് മാത്രമല്ല എന്നെ പോലെ  ഏറെ കുറെ എല്ലാ  പ്രവാസികള്‍ക്കും. അന്ന് ഒരു ആഘോഷമാണ് . അതിനെ നാട്ടിലെ ഞായര്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം. എന്തായാലും പിറ്റേന്ന് വെള്ളിയാഴ്ച അവധി ആയത് കൊണ്ടൊന്നുമല്ല തലേന്ന് എനിക്ക് മുടിഞ്ഞ സന്തോഷമായിരുന്നു. കൂടെ ഒടുക്കത്തെ പേടിയും. എന്നാല്‍ പിന്നെ എന്തായിരിക്കും അവന് ഒരു സന്തോഷം.നിങ്ങള്‍ ചിന്തിച്ച് തുടങ്ങി കാണും അല്ലേ. ........വെറുപ്പിക്കുന്നില്ല. ഞാന്‍ തന്നെ പറയാം.ഞാനേ ...ചില മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ ഒരു അച്ഛന്‍ ആകാന്‍ പോവുകയാണ് അച്ഛന്‍ . ഭാര്യമാരുടെ പ്രസവ സമയത്ത് അവരുടെ കൂടെ നില്‍ക്കാന്‍ ബലം പകരുവാന്‍ എല്ലാ ഭര്‍ത്താക്കന്മാരും ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിച്ചു. അവധി കിട്ടാത്തത് മൂലം ആ ആഗ്രഹം മനസ്സില്‍ ഒതുക്കി. വരാന്‍ പോകുന്ന ഞങ്ങളുടെ പൊന്നോമനയെ സ്വപ്നം കണ്ട് ദിവസങ്ങള്‍ തള്ളി നീക്കി . 

ഇന്നലെ വൈകിട്ടോട് കൂടിയാണ് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യത്തെ പ്രസവം ആണ്. അതുകൊണ്ട് ഞങ്ങള്‍ രണ്ട് പേര്‍ക്കും ആകെ ഒരു പേടി .വെള്ളിയാഴ്ചയാണ് തീയതി പറഞ്ഞിരിക്കുന്നത്. തലേന്ന് വിളിച്ച് ഒത്തിരി ധൈര്യം പകര്‍ന്നെങ്കിലും ധൈര്യം കുറഞ്ഞത്‌ എന്‍റെയാണ്. " രാത്രിയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. ആകെ ഒരു വെപ്രാളം. മനസ്സിലൂടെ നല്ലതും തീയതുമായ സംഭവ കഥകള്‍ മിന്നി മാഞ്ഞു. വെളുപ്പിനെ എപ്പോഴോ ഒന്ന് മയങ്ങി.

രാവിലെ നിര്‍ത്താതെയുള്ള മൊബൈലിന്‍റെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്. നോക്കിയപ്പോള്‍ നാട്ടില്‍ നിന്ന് തന്നെ. ആകാംക്ഷയോടെയാണ് ഞാന്‍ ഫോണ്‍ എടുത്തത്‌. അച്ഛന്‍ ആണ് തലക്കല്‍. "അവളെ പ്രസവത്തിന് വേണ്ടി ലേബര്‍ റൂമില്‍ കയറ്റി'. കേട്ടപ്പോള്‍ ആകെ ഒരു ആധി. എന്ത് ചെയ്യണം എന്ന് എനിക്ക് തന്നെ അറയില്ല. ഞാന്‍ എഴുന്നേറ്റ് ജനാല തുറന്ന് പുറത്തേക്ക് നോക്കി. ഇല്ല....! ലോകത്തിന് ഒന്നും സംഭവിച്ചിട്ടില്ല. വാഹനങ്ങള്‍ റോഡിലൂടെ  ചീറി പാഞ്ഞ് പോകുന്നു. രാത്രി ജോലി കഴിഞ്ഞ് ആളുകള്‍ റൂമിലേക്ക്‌ പോകുന്നു. ജോലി കഴിഞ്ഞ് വന്ന സഹ മുറിയനോട് കാര്യം പറഞ്ഞെങ്കിലും ആള് ഒന്ന് ചിരിച്ചു. വെറുതെ പേടിക്കണ്ട എല്ലാം നല്ലതായെ വരൂ. അദ്ദേഹം അനുഭവത്തില്‍ നിന്നാണ് പറഞ്ഞത് എങ്കിലും എന്‍റെ പിരി മുറുക്കത്തിന് ഒട്ടും കുറവില്ല.  പല സംശയങ്ങള്‍ മനസ്സില്‍ പൊങ്ങി വന്നു. ഈ സമയത്ത് ആരോട് ചോദിക്കാന്‍. പിന്നെ എന്തിനും ഏതിനും ആശ്രയിക്കാന്‍ ഒന്ന് മാത്രം. "ഗൂഗിള്‍". പെട്ടന്ന് കമ്പ്യൂട്ടര്‍ തുറന്നു. പ്രസവ സമയം അടിച്ചു കൊടുത്തു . എന്തൊക്കെയോ വന്നു. ആ ഒന്നും മനസ്സിലായില്ല. അതും അടച്ച് വെച്ചു. എല്ലാവരും അവസാനം ദൈവത്തിലേക്ക് വരുന്നത് പോലെ ഞാനും ദൈവത്തിലേക്ക് നോക്കി. മനമുരുകി പ്രാര്‍ത്ഥിച്ചു. ഹോ.. മനസ്സിന് ഒരു വല്ലാത്ത ആശ്വാസം. വീട്ടും നാട്ടിലേക്ക് വിളിച്ചു. അറിഞ്ഞതിന് ശേഷമുള്ള പത്താമത്തെ വിളിയാണ്. " മോനെ പ്രസവം കഴിയുമ്പോള്‍ ഞങ്ങള്‍ വിളിക്കാം ഇങ്ങനെ ആധി കൂട്ടണ്ട." അപ്പന്‍റെ വക ഉപദേശം. കൂടെ " അവനോട് അവിടെ അടങ്ങി ഇരിക്കാന്‍ പറ " അത് അന്നമ്മ ചേടത്തി യുടെ  വക" . അമ്മച്ചിക്ക് മക്കള്‍ പന്ത്രണ്ട്. പന്ത്രണ്ടും സുഖ പ്രസവം. ഒന്നിനെ വയലില്‍ കൊയ്യാന്‍ പോയപ്പോള്‍ പ്രസവിച്ചിട്ടു എന്നാണ് അമ്മച്ചി പറയാറുള്ളത്. 

ജീവിതത്തില്‍ ആകെ ഒരു വട്ടം മാത്രമെ പ്രസവ മുറിയുടെ മുമ്പില്‍ പോയിട്ടുള്ളൂ. അതും വര്‍ഷങ്ങള്‍ക്ക്  മുമ്പ് കൂട്ടുകാരന്‍റെ കൂടെ. അവന്‍റെ ഭാര്യയുടെ പ്രസവം ആയിരുന്നു. ആകാംഷയോടെ കാത്ത് നില്‍ക്കുന്ന മുഖങ്ങള്‍ ആയിരുന്നു അവിടെ മുഴുവന്‍.പലരുടെയും ബന്ധുക്കളും സ്വന്തക്കാരുമായി ആകെ ഒരു ജനക്കൂട്ടം. ലേബര്‍ റൂമിന്‍റെ വാതില്‍ തുറന്ന് വരുന്ന നേഴ്സിനോട് അകത്തെ വിശേഷം തിരക്കാന്‍ ആളുകളുടെ തിരക്ക്. "ഓരോരുത്തരുടെയും ആകുമ്പോള്‍ പറയാം ആരും തിരക്ക് കൂട്ടണ്ട". നേഴ്സിന്‍റെ വക ശകാരം. വീണ്ടും ശാന്തം. അമ്മമാരെ കാണാതെ കരയുന്ന, നിര്‍ബന്ധം പിടിക്കുന്ന മൂത്ത കുട്ടികള്‍ , എങ്കിലും എന്നെ വേദനിപ്പിച്ചത്  ഭാര്യമാരെ ലേബര്‍ റൂമിന്‍റെ വാതില്‍ക്കല്‍ വരെ എത്തിച്ച് കൈ കാണിച്ച് യാത്രയാക്കുന്ന ഭര്‍ത്താക്കന്മാരുടെ മുഖങ്ങള്‍ ആയിരുന്നു.

എന്‍റെ ചിന്തകള്‍ക്ക് ഒടുവില്‍ വീണ്ടും ഫോണ്‍ ചിലച്ചു. വിറയാര്‍ന്ന കൈകളോട് കൂടി ഞാന്‍ ഫോണ്‍ എടുത്തു. " എടാ മോനെ നീ ഒരു അപ്പനായി... മോളാ". സത്യത്തില്‍ പ്രസവം കഴിഞ്ഞത് എന്‍റെ ആണെന്ന് പോലും എനിക്ക് തോന്നി പോയി . മനസ്സില്‍ നിന്ന് എന്തോ വലിയ ഏതാണ്ട് മാറി പോയത് പോലെ. മനസ്സിന്  ഒരു ഭയങ്കര സന്തോഷം. ഒരു വലിയ മഴ കഴിഞ്ഞത് പോലെ.

ഞാന്‍ ആഗ്രഹിച്ചതും കൊതിച്ചതും ഒരു മോള്‍ക്ക്‌ വേണ്ടി തന്നെയാണ്. എന്‍റെ ആഗ്രഹങ്ങള്‍ അറിഞ്ഞ് തരുന്ന ഉടയ തമ്പുരാന്‍ എനിക്ക് ഒരു മോളെയും തന്നു......"എന്നാലും മോള്‍ക്ക്‌ കൂടുതല്‍  മുഖച്ഛായ എന്‍റെ ആയിരിക്കുമോ അതോ അവളുടെയോ'! ............. ചുമ്മാ ............ അങ്ങനെ അച്ഛനായ ഗമയില്‍ ദൈവത്തിന് നന്ദി പറഞ്ഞ് കൊണ്ട് ഞാന്‍ എല്ലാവര്‍ക്കും മധുരം കൊടുക്കാന്‍ വേണ്ടി  പുറത്തേക്ക് ഓടി .

2016 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

ഞാന്‍ സ്നേഹിച്ച കറവൂര്‍

മറഞ്ഞു പോയ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ ........... മനസ്സില്‍ നിന്നും മായാതെ കിടക്കുന്ന ഒരു പിടി നല്ല ഓര്‍മ്മകളുടെ സമ്പത്ത് എനിക്കും ഉണ്ട്. അങ്ങ് ദൂരെ.... ദൂരെ എന്ന് വെച്ചാല്‍ മൂവാറ്റുപുഴ പുനലൂര്‍ റോഡിലെ അലിമുക്കിന് കിഴക്ക്. കാടിറങ്ങുന്ന കാട്ടു തടികളോടും കിഴക്കന്‍ മലകളെ തഴുകി വരുന്ന തണുത്ത കാറ്റിനോടും ചോദിച്ചാല്‍ അത് പറഞ്ഞ് തരും , കാടിന്‍റെ മണമുള്ള കാലത്തിന്‍റെ തിരു ശേഷിപ്പുള്ള കറവൂര്‍ എന്ന കൊച്ചു ഗ്രാമത്തെ പറ്റി. അതെ, അവിടെ തന്നെ. എന്‍റെ കുട്ടിക്കാലത്തിലെ നല്ല ഓർമ്മകളിൽ കൂടുതലും ഈ ഗ്രാമത്തിൽ ചിതറി കിടക്കുന്നു.

ഓണ പരീക്ഷയുടെ അവസാന ദിവസം അന്ന് പേപ്പര്‍ ആദ്യം കൊടുക്കുന്നത് ഞാനായിരിക്കും. പിന്നെ ഇടം വലം നോക്കാതെ വീട്ടിലേക്ക് ഒരു ഓട്ടമാണ്. പരീക്ഷ മുഴുവന്‍ എഴുതി തീര്‍ത്തത് കൊണ്ടല്ല. അന്ന് എന്നെ കാത്തിരിക്കാന്‍ വീട്ടില്‍ ഒരാള് കാണും. കറവൂര്കാര് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ "പറക്കോട്ടപ്പന്‍". അത് എന്‍റെ വല്യപ്പച്ചന്‍ ആണ്. അല്ലെങ്കില്‍ മൂത്തമ്മ കാണും. പിന്നത്തെ പത്ത് ദിവസം. അത് ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ ഒരു കിടിലം ഓണ അവധി.

വൈകുന്നേരങ്ങളില്‍ അപ്പച്ചന്‍റെ കയ്യും പിടിച്ച് നടക്കാനിറങ്ങും. അല്ല ഒന്ന് കറങ്ങാനിറങ്ങും. ആ നടത്തം തീരുന്നത് യുവദീപ്തി മൈതാനത്തായിരിക്കും. ഓണതുമ്പികളെ പിടിക്കാൻ ഈ മൈതാനത് കൂടി ഓടി നടന്നത് ഇന്നലകള്‍ പോലെ ഓര്‍ത്തിരിക്കുന്നു . വിശാലമായി പരന്നു കിടക്കുന്ന മൈതാനം. കാട്ടിൽ നിന്നു പുല്ല് മേഞ്ഞു വരുന്ന കാലി കൂട്ടങ്ങൾ വൈകുന്നേരങ്ങളിൽ മൈതാനത്ത് കൂടി ചിതറി നടക്കുന്നു. അവയുടെ കഴുത്തിലെ ചിരട്ട മണികൾ ഇന്നുംചെവികളിൽ മുഴങ്ങുന്നു.

മിക്ക വൈകുന്നേരങ്ങളിലും ഓണത്തിന് കളിക്കാനുള്ള ഫുട്ബോൾ കളിയുടെ പ്രാക്റ്റീസ് ആയിരിക്കും ഗ്രൗണ്ടില്‍ അരങ്ങു തകര്‍ക്കുന്നത് . ചേട്ടന്മാർ ഫുട്ബോൾ കളിക്കുമ്പോൾ അത് കൗതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. പിന്നെ അത് പഠിച്ചതും ഇവിടെ നിന്ന് തന്നെ. ഓണം ആയാല്‍ ഒരു ഓണതോക്ക് വേണമല്ലോ. സുകുച്ചായന്‍റെ കടയില്‍ നിന്ന് അപ്പച്ചന്‍ ഒരു ഓണതോക്ക് വാങ്ങി തരും. പൊട്ടാസ് പൊട്ടുമ്പോളുള്ള ആ വെളുത്ത പുകയും ശ്വസിച്ച് ഗ്രൗണ്ടില്‍ കൂടി ഓടി നടക്കുമ്പോള്‍ ഞാന്‍ അറിഞ്ഞില്ല ബാല്യം എന്ന ആ നല്ല കാലം എന്നെ വിട്ട് പോകുമെന്ന്‌.

ചില ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ ഓണ കളികള്‍ തുടങ്ങും. പിന്നെ ഏത് സമയത്തും ഗ്രൗണ്ടില്‍ തന്നായിരിക്കും. ക്ഷീണിക്കുമ്പോള്‍ എതിര്‍വശത്തുള്ള സിബിച്ചായന്‍റെ വീട്ടില്‍ കയറും. പിന്നെ വൈകുന്നേരം വരെ അവിടിരിക്കും. കസേര കളിക്കും,സുന്ദരിക്ക് പൊട്ടു തൊടുന്നതിനും മിക്കവാറും ചേരും സമ്മാനം കിട്ടില്ലെങ്കിലും അതിന് ചേര്‍ന്ന് കഴിയുമ്പോള്‍ മനസ്സിന് കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അത് അന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അന്നത്തെ കബഡി കളിയും, വടം വലിയും, ഉറിയടിയും ഓര്‍മ്മയുണ്ടെങ്കിലും പെട്ടന്ന് ഓര്‍ക്കുന്നത് കളിയുടെ താളത്തിന് കോളാമ്പിയില്‍ കൂടി കേള്‍ക്കുന്ന അനൌണ്‍സ്മെന്‍റ് ആണ്.

തിരക്കൊഴിഞ്ഞ മൈതാനത്തെ ഒന്നുകൂടി നോക്കി ഓണ അവധി കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ആയിരുന്നു. ആ വിങ്ങല്‍ പിന്നെ ഞാന്‍ അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു ചതയ ദിനത്തിനാണ്. എന്നെ ഈ നാടുമായി അടുപ്പിച്ച എന്‍റെ അപ്പച്ചന്‍റെ വിറങ്ങലിച്ച ശരീരത്തെ അവസാനമായി കാണാന്‍ ഓടിയെത്തിയപ്പോള്‍ ഞാന്‍ ശരിക്കും തകര്‍ന്നിരുന്നു.

ഓര്‍മ്മകളെ ഈ മരുഭൂമിയുടെ ഏകാന്തതയില്‍ കോര്‍ത്തിണക്കുമ്പോള്‍ ആ ഓര്‍മ്മകളില്‍ കൂടുതലും ഗൃഹാതുരത്വ ഓര്‍മ്മകള്‍ ആണ് .അതില്‍ എന്നും ഞാന്‍ പിച്ച വെച്ച് നടന്ന കറവൂരും അതിലെ നിവാസികളും ഉണ്ടായിരിക്കും

2016 ഓഗസ്റ്റ് 6, ശനിയാഴ്‌ച

സൗഹൃദ ദിനം : പഴയ ഓര്‍മ്മകളിലൂടെ

ചിത്രം കടപ്പാട്
 
        കാലത്തിന്‍റെ കുത്തൊഴുക്കില്‍ നമുക്ക് നഷ്ടമായ നമ്മുടെ സൗഹൃദങ്ങള്‍, ഇഷ്ടങ്ങള്‍,സ്വപ്‌നങ്ങള്‍,അവസരങ്ങള്‍ അങ്ങനെ എണ്ണിയാല്‍ തീരാത്തവ. ഒരിക്കലും തിരിച്ച് കിട്ടില്ല എന്ന് നമ്മള്‍ കരുതിയവ. കാലം കടല്‍ പോലെയാണ്. കവര്‍ന്നെടുത്തത്‌ ഒരിക്കല്‍ ഭാഗികമായെങ്കിലും തിരിച്ച് തരുമ്പോള്‍ അതില്‍ മാറ്റങ്ങള്‍ ഒത്തിരി കാണും. എന്നാല്‍ കാലം ഒരിക്കലും തിരിച്ച് തരാത്തതും നമ്മള്‍ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നതുമായ ചിലത് ഉണ്ട്. നമ്മള്‍ നിധി പോലെ കാത്ത നമ്മുടെ ബാല്യവും കൌമാരവും. കാല ചക്രത്തിന്‍റെ ഭ്രമണ പഥത്തില്‍ ഓര്‍മ്മയില്‍ നിന്ന് പലതും മാഞ്ഞെങ്കിലും ഓര്‍ക്കുമ്പോള്‍ ഇടനെഞ്ചില്‍ ഒരു തീയായി ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒന്നുണ്ട്. അതെന്‍റെ.... അല്ല നമ്മുടെ ബാല്യം.കൂട്ടിന് ഓര്‍മ്മകളുംകുറെ കൂട്ടുകാരും.

     ഓരോ സൗഹൃദത്തിനു പിന്നിലും ഓരോ കാരണങ്ങള്‍ ഉണ്ട്. കാരണങ്ങള്‍ ചിലപ്പോള്‍ നിസ്സാരമായിരിക്കാം എങ്കിലും  ആ സൗഹൃദങ്ങള്‍ക്ക് ഒരു  ആഴം  ഉണ്ടായിരുന്നു.   ഓരോ പിണക്കങ്ങളും ഇണക്കങ്ങളായി പുനര്‍ജനിക്കുമ്പോള്‍ ശക്തി കൂടുന്നത് സൗഹൃദത്തിന് ആയിരുന്നു. അടി കൂടാനും വാശി കാണിക്കാനും ചങ്ക് പറിച്ച് കൊടുത്ത് സ്നേഹിക്കാനും ഇണങ്ങാനും പിണങ്ങാനും കരയിപ്പിക്കാനും സന്തോഷിപ്പിക്കുവാനും സ്വാതന്ത്ര്യമുള്ള സൗഹൃദം.

    
      ബാല്യ കാല സുഹൃത്തുക്കള്‍ ഒരാള്‍ എങ്കിലും ഇല്ലാത്തവര്‍ ചുരുക്കം . അത് നമ്മുടെ നാട്ടിലോ നമ്മള്‍ പഠിച്ച സ്കൂളിലോ എവിടെയാണെങ്കിലും ആ സൗഹൃദങ്ങള്‍ക്ക് എന്നും നമ്മുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ട്. കൃഷ്ണനും കുചേലനും പോലെ അയ്യപ്പനും വാവരും പോലെ ഉച്ച നീചത്വങ്ങളോ മതത്തിന്‍റെ അതിര്‍ വരമ്പുകളോ ഇല്ലാത്ത നമ്മള്‍ അനുഭവിച്ച ആ നിഷ്കളങ്ക സൗഹൃദങ്ങള്‍ ഈ തലമുറയിലും ഉണ്ടാകട്ടെ എന്ന് ആശംസിച്ച് കൊണ്ട് എന്‍റെ സുഹൃത്തുക്കള്‍ക്കും ഒരായിരം സൗഹൃദ ദിന ആശംസകള്‍. ഈശ്വരന്‍ ഏവരെയും അനുഗ്രഹിക്കട്ടെ. 





















2016 ജൂൺ 17, വെള്ളിയാഴ്‌ച

മാമ്പഴക്കാലം


വിരസമായ ജീവിതത്തിലെ  രസക്കൂട്ടാണ് ഓര്‍മ്മകള്‍. ഓര്‍മ്മകളെ അയവിറക്കുമ്പോള്‍ ചിലത് ചിരിപ്പിക്കും, ചിലത് ചിന്തിപ്പിക്കും ചിലത് കരയിപ്പിക്കും. ഓര്‍മ്മയുടെ ഭാന്ധ കെട്ടുകള്‍ അഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഭയമാണ്. ചിലത്  എത്ര ഓര്‍ത്താലും മതിയാവില്ല. അത്  ഓര്‍ത്തെടുത്ത്  ചിരിച്ചാലെ മനസ്സിനൊരു സുഖം കിട്ടു . ആ സുഖം കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് കുട്ടിക്കാല ഓര്‍മ്മകളിലാണ്.


 ഓര്‍ക്കുവാന്‍  ഒരായിരം നല്ല ഓർമ്മകൾ തന്നിട്ട് കാലത്തിന്‍റെ കടന്നു പോക്കിൽ അകന്നുപോയ ബാല്യകാലത്തില്‍ ഏതൊരു കുട്ടിയും ആഗ്രഹിക്കുന്ന ഒരു കാലമുണ്ട് അവധിക്കാലം. മാഷിനെയും മാഷിന്‍റെ ചൂരലിനെയും പുസ്തകത്തെയും ഗൃഹ പാഠത്തെയും പേടിക്കേണ്ടാത്ത ഒരു കിടിലന്‍ വേനലവധി. അത് മാവിന്‍ ചുന മണക്കുന്ന മാമ്പഴക്കാലത്ത് ആയതു കൊണ്ടാവാം  വേനലവധിക്ക് മാമ്പഴത്തിന്‍റെ മണമാണ്. എന്‍റെ ആ ഓര്‍മ്മകള്‍ക്കും.


നാട് ആയാല്‍ നാട്ടുമാവ് വേണം എന്ന ചെല്ല് പോലെ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു നാട്ട് മാവ് ഒന്നല്ല ഒരുപാട്. അതെല്ലാം പലരുടെയും പറമ്പില്‍ ആണെന്ന് മാത്രം. അന്നെല്ലാം പറമ്പുകള്‍ ഉടമസ്ഥന്‍റെയും മാവ് ഞങ്ങളുടെയും എന്ന മട്ടായിരുന്നു ഞങ്ങള്‍ക്ക്. മാവുകള്‍ക്ക് പൊതുവേ  പേരുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഓരോ വിളിപ്പെരുണ്ടായിരുന്നു. തത്ത മാവ്, കാറ്റേ പേടി, ചുണ്ട് ചുമപ്പി, പാക്ക് മാവ് . മാവ് ഏതാണെങ്കിലും ഞങ്ങള്‍ക്ക് മാങ്ങ മതി.


ഒരു കൈയ്യില്‍ വണ്ടി ചാടും മറു കൈയ്യില്‍ പകുതി കടിച്ച മാമ്പഴവുമായി ചില സമയങ്ങളില്‍ ഞങ്ങള്‍ കുട്ടി പട്ടാളം ഒന്ന് കറങ്ങാനിറങ്ങും. ആളൊഴിഞ്ഞ പറമ്പ് അതാണ്‌ ആ പൊക്കിന്‍റെ ലക്ഷ്യം.ആകെ പേടി ആ വീടുകളിലെ പട്ടികളെ മാത്രം. വീട്ടുകാരുടെയും പട്ടിയുടെയും കണ്ണ് വെട്ടിച്ച്  ഞങ്ങള്‍ മാമ്പഴം പറക്കും. ചിലപ്പോള്‍ കണക്കു കൂട്ടലുകളുടെ പിഴവ് മൂലം ആയിരിക്കാം പിടിക്കപ്പെടും. അവസാനം പിടിക്കപ്പെടുമ്പോള്‍ ഉള്ള ഞങ്ങളുടെ  നില്‍പ്പ് കണ്ടാല്‍ വീട്ടുകാര് ഞങ്ങളോട്  എന്തോ വലിയ കുറ്റം ചെയ്തത് പോലെയാണ്.


മരം കയറ്റം അത്ര വശം ആല്ലെങ്കിലും വലിഞ്ഞു പിടിച്ചു കയറും.  കയ്യും കാലും  ഉരഞ്ഞുള്ള മരം കയറ്റം കുട്ടികാലത്ത് ഒരു സാഹസം തന്നെ ആയിരുന്നു. മുകളില്‍ എത്തുമ്പോള്‍ നെഞ്ചത്ത്‌ ചോര തുള്ളികള്‍ പൊടിഞ്ഞിട്ടുണ്ടാവും. അവസാനം മുകളില്‍ എത്തി മാമ്പഴം കിട്ടുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ചിലപ്പോള്‍ മര കൊമ്പിലിരുന്ന് തന്നെ മാമ്പഴം കഴിക്കും. കൈകളിലൂടെ ഒലിച്ചിറങ്ങുന്ന മാമ്പഴ ചാറ് നെഞ്ചത്തെ ചോര തുള്ളികളുമായി കലരുമ്പോളുള്ള നീറ്റല്‍ ഒരു സുഖം കലര്‍ന്ന വേദന ആയിരുന്നു.

ആ വേദനകള്‍ യഥാര്‍ത്ഥത്തില്‍ അറിയുന്നത് ഇപ്പോള്‍‌ ആണ്. ഗൃഹാതുര ഓര്‍മ്മകളെ അയവിറക്കി ഒറ്റപ്പെടലിന്‍റെ തടവറയില്‍ തനിച്ചിരിക്കുമ്പോള്‍ തിരികെ വരാന്‍ മനസ്സില്ലാതെ എന്‍റെ കുട്ടിക്കാലം എന്നെ മറക്കാന്‍ പറ്റാത്ത മധുര നിമിഷങ്ങള്‍ കാണിച്ച് കൊതിപ്പിക്കുമ്പോള്‍ ഒന്നുകൂടി ഒരു കുട്ടി ആയിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിക്കുമായിരുന്നു.

2016 ജൂൺ 1, ബുധനാഴ്‌ച

ഓര്‍മ്മയിലൂടെ ഒരു ജൂണ്‍ ഒന്ന്




ഇനിയും മരിക്കാത്ത ഓര്‍മ്മകളും പേറി ആര്‍ക്കുവേണ്ടിയോ അലയുമ്പോള്‍,......... കടന്നു പോയ കാലത്തിന്‍റെ കാലൊച്ചകള്‍ കാതുകളില്‍ വീണ്ടും മുഴങ്ങുമ്പോള്‍....... ഭൂത കാലത്തിന്‍റെ തണുത്തുറഞ്ഞ താഴ്വാരങ്ങളിലെക്ക്  വെറുതെ ഒന്ന് എത്തി നോക്കുമ്പോള്‍ അവിടെ  ഏകാന്തതയുടെ മറവിൽ ഒത്തിരി ഓര്‍മ്മകളും പേറി വിറങ്ങലിച്ച കണ്ണുകളുമായി എന്നെയും കാത്തിരിക്കുന്ന ഒരാളുണ്ട് ....... എന്‍റെ ബാല്യം.ഓര്‍ക്കുവാന്‍ ഒരായിരം നല്ല ഓർമ്മകൾ തന്നിട്ട് കാലത്തിന്‍റെ കടന്നു പോക്കിൽ എന്നെയും വിട്ട് അകന്നിരിക്കുന്ന, മറഞ്ഞിരിക്കുന്ന, ആ നല്ല ബാല്യത്തില്‍ മനസ്സിന് സന്തോഷം തരുന്ന  ഒരു സുദിനം ഉണ്ട്.  അത്  ജൂണ്‍ ഒന്ന്.

         മനസ്സ് കൊണ്ടും ശരീരം കൊണ്ടും  ഒരു കൊച്ചു കുട്ടിയാകാന്‍ ഞാന്‍ ഇന്നും   കൊതിക്കുന്ന ദിവസങ്ങളില്‍ ഒന്ന്. മങ്ങിയ ഓര്‍മ്മകളെ ഉണര്‍ത്തി  അതിലൂടെ ഓടി കളിക്കുവാൻ ഒരു നല്ല ദിവസം. വേനൽ അവധിയുടെ സന്തോഷത്തെയും കളി ചിരികളെയും തല്‍ക്കാലം  മാറ്റി നിർത്തി പള്ളിക്കൂടത്തിലേക്ക് ഒരു മടക്ക യാത്ര.  മനസ്സ് വീണ്ടും ആ നല്ലകാലത്തേക്ക് ചേക്കേറി.

      രണ്ട് മാസത്തെ ഇടവേളക്ക് ശേഷം നാട് ഇളക്കി കൊണ്ട്  ഗ്രാമ വീഥികളെ വര്‍ണ്ണ ശോഭിതമാക്കി വരുന്ന ഞങ്ങളുടെ കുട്ടിപട്ടാളത്തില്‍ അവധി കഴിഞ്ഞു വരുന്നതിന്‍റെ ഒരു ചെറിയ പരിഭവം കാണാം .മാഷിനെയും മാഷിന്‍റെ ചൂരലിനെയും പുസ്തകത്തെയും ഗ്രഹ പാഠത്തെയും പേടിക്കേണ്ടാത്ത രണ്ട് മാസം പോയതിന്‍റെ ചെറിയ ഒരു  വിഷമം എല്ലാരുടെയും മുഖത്ത്  മിന്നുന്നുണ്ട്. എങ്കിലും പുതിയ ക്ലാസ്സിലേക്ക് സ്ഥാന മാറ്റം കിട്ടുന്നത് ഞങ്ങളില്‍ ഒരു സന്തോഷം നല്‍കിയിരുന്നു.ഞങ്ങളെ  വരവേല്‍ക്കാന്‍ പതിവ് പോലെ ചാഞ്ഞിറങ്ങി വരുന്ന ചാറ്റല്‍ മഴ. പുത്തന്‍ ഉടുപ്പിന്‍റെ പുത്തന്‍ മണം കളയാന്‍ ഞങ്ങളുടെ വരവ് നോക്കി ഇരുന്ന  കള്ള മഴയെ അപ്പോള്‍ ഇഷ്ടം അല്ലെങ്കിലും വൈകിട്ട് ചെളി വെള്ളം തട്ടി കളിച്ച് കുട ഉണ്ടെങ്കിലും എടുക്കാതെ മഴ നനഞ്ഞ് വരുമ്പോള്‍ ആ മഴയെ ഒത്തിരി ഇഷ്ടം ആണ്. വര്‍ണ്ണ കുടയില്‍ തട്ടി തെറിച്ച് വീഴുന്ന മഴ തുള്ളികളെ കുട കറക്കി തെറിപ്പിച്ച് ഞങ്ങള്‍ നീങ്ങുമ്പോള്‍ രണ്ട് മാസത്തെ നുണ കഥകളുടെയും യാത്ര വിവരണങ്ങളുടെയും ഒരു ശേഖരം ആണ് മഴ പോലെ ഞങ്ങളില്‍ നിന്ന് അഴിഞ്ഞ് വീഴുന്നത്. ആദ്യ യാത്രയില്‍ വസ്ത്രങ്ങളിലും പുസ്തക സഞ്ചിയിലും ചെളി പുരളാതിരിക്കാന്‍ ആവുന്നത് ശ്രമിക്കും.


       തലേന്ന് പെയ്ത മഴയില്‍ വഴിയോരത്ത് ഒഴുകി പോകാന്‍ മറന്ന മഴയുടെ ശേഷിപ്പില്‍ കാക്കകള്‍ ദേഹം മിനുക്കുന്നു. അവയെ എറിയാന്‍ കണ്ണുകള്‍ കല്ലുകള്‍ തിരയുമ്പോള്‍ പറന്നകന്ന് മുകളിലെ ലൈന്‍ കമ്പിയില്‍ പോയിരുന്ന് രൂക്ഷമായി നോക്കുന്ന കാക്ക കൂട്ടങ്ങള്‍. പൂരം കഴിഞ്ഞ ഉത്സവ പറമ്പ് പോലെ ആളൊഴിഞ്ഞ മാവിന്‍ ചുവട്. മാമ്പഴം തീര്‍ന്ന വിഷമത്തില്‍ എന്തോ ചിലച്ച് കൊണ്ട് അടുത്ത കൊമ്പിലേക്ക് ചാടി കളിക്കുന്ന അണ്ണാറ കണ്ണന്മാര്‍.

       സ്കൂളില്‍ എത്തി കഴിഞ്ഞാല്‍ അവധിക്കാലത്തിന്‍റെ വിശേഷങ്ങള്‍. പഴയ ക്ലാസ്സിനോട് വിട പറഞ്ഞ് പുതിയ ക്ലാസ്സിലേക്ക് കയറുമ്പോള്‍ പഴയ കൂട്ടുകാരോടൊത്ത് പഴയത് പോലെ ഇരിക്കാന്‍ മത്സരം.  അന്ന് പഠിപ്പീര് ഇല്ല. ആകെ ഒരു സന്തോഷത്തിന്‍റെ ദിവസം. ഒന്ന് ശ്രദ്ധിച്ചിരുന്നാല്‍ താഴെ ഒന്നാം ക്ലാസ്സില്‍ നിന്ന് പുതിയ ലോകത്തേക്ക് കുടിയേറിയ കുഞ്ഞനുജന്മാരുടെ കുഞ്ഞ് കരച്ചില്‍ കേള്‍ക്കാം. എല്ലാം ഇന്നലെ പോലെ......... ഓര്‍മ്മകള്‍ മരിക്കുന്നില്ല. അവയെ കൊല്ലാന്‍ ആഗ്രഹവുമില്ല.

2016 ഫെബ്രുവരി 28, ഞായറാഴ്‌ച

ഓലപ്പന്ത്

ഓര്‍മ്മകള്‍ കഥ പറയുമ്പോള്‍
ഓര്‍ത്ത് പോയ്‌ ഞാനെന്റെ ഓല പന്ത്
ഓലകള്‍ വരിഞ്ഞ് മുറുക്കിയ
ഒറ്റത്തടിയിലെ ഒരോല പന്ത്.


ഓര്‍മ്മകള്‍ വലിഞ്ഞ് മുറുകുമ്പോള്‍
വരിഞ്ഞ ഓല പഴുതിലൂടെ
പരതി ഞാന്‍ പഴയ സ്വപ്നങ്ങളെ
സുവര്‍ണ്ണ കാലത്തിന്‍ സ്മരണകളെ.


പടക്കളത്തിലെ പടകുതിര പോല്‍
പാഞ്ഞടുക്കും ഞങ്ങളാ പന്തിന് പിന്നാലെ
പോരാട്ട വീര്യത്തില്‍ മതിമറന്ന്
മുതുകുകള്‍ ഓരോന്നായ് ഉഴുതിടാന്‍.


മുതുക് പുളയും വേദനക്ക്
പരിഭവം ഇല്ലാത്ത പുഞ്ചിരി കൂട്ട്
അഞ്ചാറു പേര്‍ ചേര്‍ന്നൊന്നിച്ചെറിഞ്ഞിടുമ്പോള്‍
അറിഞ്ഞ് ഞാനാ ഉന്നത്തിന്‍ വേദന.


മധുരിക്കും ഓര്‍മ്മകള്‍ക്ക്
വേദനയിന്‍ സുഖമുണ്ട്
വേദനിക്കുമ്പോള്‍ ഒരു വാശിയുണ്ട്
പകയില്ലാത്തൊരു കളി വാശിയുണ്ട് .