2018 ഏപ്രിൽ 14, ശനിയാഴ്‌ച

അസിഫ: അവള്‍ എന്‍റെയും

കുന്നും മലകളും താഴ്വാരകളും ഉള്ള ഒരു കൊച്ചു നാട്. അതാണ്‌   "കത്വ". ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ നമ്മുടെ ഭാരതത്തിന്‍റെ ഏകദേശം വടക്കേ അറ്റത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം. അവിടുത്തെ നാടോടികളായ ആട്ടിടയന്മാര്‍ക്കിടയില്‍ ഒരു കൊച്ചു മിടുക്കി ഉണ്ടായിരുന്നു. അവളാണ്  "അസിഫ". എട്ട് വയസ്സിന്‍റെ കുസൃതിയും നിഷ്കളങ്കവുമുള്ള ഒരു ചെറിയ പെണ്‍കുട്ടി.

 അവളെ ഒരു നിമിഷം നമ്മുടെ കുഞ്ഞായി ഒന്ന് സങ്കല്പിച്ച് നോക്കു. "അമ്മേ" എന്ന് വിളിച്ച് കൊണ്ട് പുസ്തക സഞ്ചി വീടിന്‍റെ ഒരു കോണില്‍ ഇട്ടിട്ട് അടുക്കളയിലേക്ക് ഓടി വരുന്ന ഒരു ബാല്യം. ഇന്നും കഴിക്കാന്‍ ഇതേ ഇവിടെയുള്ളോ എന്ന പരിഭവം പറഞ്ഞ് ആര്‍ത്തിയോടെ കഴിക്കുമ്പോഴും അന്ന് സ്കൂളില്‍ നടന്ന വിശേഷം പറയാന്‍ അവള്‍ മറന്നില്ല. കൂട്ടുകാരി വഴക്കുണ്ടാക്കിയതും, പുതുതായി പഠിപ്പിക്കാന്‍ വന്ന ടീച്ചറിനെ കുറിച്ചും, ക്ലാസ്സിലെ കുസൃതി ചെറുക്കന്‍ പേന വെച്ച് കുത്താന്‍ വന്നതും, സ്കൂളിലെ പൂന്തോട്ടത്തില്‍ വിരിഞ്ഞ പനിനീര്‍ പൂവും അങ്ങനെ ഒത്തിരി വിശേഷങ്ങള്‍ അവള്‍ക്കുണ്ടായിരുന്നു അമ്മയോട് പറയാന്‍. ഇനി ബാക്കിയുള്ളത് അച്ഛന്‍റെ മാറില്‍ ചാഞ്ഞ് കിടന്ന് പറയാന്‍ മാറ്റിവെച്ചു. "എടീ കൊച്ചേ, നീ കുളിക്കുന്നില്ലേ" എന്ന അമ്മയുടെ വിളി വരുന്നതിന്‍റെ മുമ്പേ അവള്‍ തൊടിയിലേക്ക്‌ ഓടി. അവരോടും ചോദിക്കണ്ടേ കുശലങ്ങള്‍. "അമ്മേ ഇന്ന് കിങ്ങിണി കോഴി മുട്ടയിട്ടോ" എന്നും ചോദിച്ച് കൊണ്ട് അവള്‍ കോഴിയമ്മയുടെ അരികിലേക്ക് ഓടി. പിന്നെ അവളുടെ പിങ്കി ആടിന്‍റെ അടുത്ത് ചെന്ന്  "നിനക്ക് അമ്മയൊന്നും തന്നില്ലേടി പെണ്ണേ" എന്തിനാ കരയുന്നേ എന്ന് ആടിനെയും ആശ്വസിപ്പിക്കുമ്പോള്‍ ആണ് താന്‍ നട്ട     ചെടി വാടി നില്‍ക്കുന്നത് കണ്ടത്. അതിന് വെള്ളം കൊണ്ട് നനച്ചപ്പോഴേക്കും അമ്മയുടെ വിളി കനത്തു.

നേരം വൈകിയപ്പോള്‍  "എന്താ അമ്മേ അച്ഛന്‍ വരാന്‍ വൈകുന്നേ " എന്ന് അന്വേഷിക്കുന്ന അച്ഛന്‍റെ പൊന്നുമോള്‍. വാതിലില്‍ അച്ഛന്‍റെ ശബ്ധം കേട്ടപ്പോള്‍ ഓടി ചെന്ന് വാതില്‍ തുറന്ന് വിശേഷം ചോദിക്കുന്നവള്‍, അച്ഛനോട് കൊഞ്ചിയും വഴക്കുണ്ടാക്കിയും ആ സ്നേഹം പിടിച്ച് മേടിക്കുന്നവള്‍. ഒടുവില്‍ ആ മാറിലെ ചൂടേറ്റ് മയങ്ങുമ്പോഴും അച്ഛന്‍റെ മാറില്‍ അവള്‍ മുറുകെ പിടിച്ചിരിക്കും. 

 ഇത് കത്വയിലെ കുഞ്ഞ് അല്ലെങ്കിലും ഇതില്‍ നമ്മുടെ ഓരോ കുഞ്ഞിന്‍റെ യും സ്നേഹം ഉണ്ട്, കുസൃതി ഉണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് പൊതുവേ തങ്ങളുടെ വളര്‍ത്തു മൃഗങ്ങളോട് ഒരു സൗഹൃദവും സ്നേഹവും ഉണ്ട്. അതുകൊണ്ടല്ലേ അസിഫ തന്‍റെ കുതിരകള്‍ മേഞ്ഞിരുന്ന പുല്‍ത്തകിടിയിലേക്ക് ഓടി ചെന്നത് . അവയോടു കിന്നാരം പറഞ്ഞ്, ഒരു ചെറിയ കമ്പ് എടുത്ത് അവയെ പേടിപ്പിക്കുമ്പോള്‍ ആയിരിക്കാം ആ  കാട്ടാളന്മാരുടെ ബലിഷ്ഠമായ കരങ്ങള്‍ അവളുടെ മേല്‍ പതിഞ്ഞത്.  അവള്‍ ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍  ഒരു പക്ഷെ ആ കുതിരകള്‍ എങ്കിലും അവളെ രക്ഷിക്കുമായിരുന്നു. ഒരു ശബ്ധം പോലും അവളില്‍ നിന്ന് വീഴാതെ അവളെ ആ കാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ അവള്‍ തന്‍റെ അച്ഛനെയും അമ്മയെയും തന്‍റെ കുതിരകളെയും സഹായത്തിന് വിളിച്ചിട്ടുണ്ടാകാം. പ്രകൃതി പോലും ആ ക്രുരതയുടെ മുന്നില്‍ കണ്ണ് പൊത്തി. അവളുടെ കരച്ചിലിനെ പോലും കാമ കേളികൊട്ട് അവര്‍ ആസ്വദിച്ചു. ആ പിഞ്ച് ശരീരം അവര്‍ പകുത്തെടുത്തു. എന്നിട്ടും മതിയാകാതെ മയങ്ങിയ അവളെ അവര്‍ ഒരു ഭോഗ വസ്തു ആക്കി. ഒടുവില്‍ മരണം ഉറപ്പാക്കി കാട്ടില്‍ ഉപേക്ഷിച്ചപ്പോള്‍ നക്ഷ്ടമായത് തങ്ങളുടെ മറ്റ് രണ്ട് മക്കള്‍ നക്ഷ്ടമായിട്ടും തളരാതെ ആ സ്നേഹം കൂടി കൊടുത്തു വളര്‍ത്തിയ ആ അച്ഛനും അമ്മക്കും ആണ്. ഒരിക്കലും തിരിച്ച് കിട്ടാത്ത ഒരു വലിയ നക്ഷ്ടം.