മാതൃദിനം എന്നത് ലൈക്ക് കിട്ടുവാന്‍ വേണ്ടി ഫേസ്ബുക്ക് പേജില്‍ ഇടുന്ന ഒരു കുറിപ്പ് ആയി മാറരുത്. ഒരു മകനോ മകള്‍ക്കോ തന്‍റെ അമ്മയെ സ്നേഹിക്കുന്നതിനോ, അമ്മക്ക് തന്‍റെ മക്കളെ സ്നേഹിക്കുന്നതിനോ ഒരു പ്രത്യേക ദിനത്തിന്‍റെ ആവശ്യം വരുന്നില്ല. എന്നാലും മാതൃദിനം എന്നത് ആചരിക്കേണ്ട ദിവസം അല്ല, മറിച്ച് അവരെ ആദരിക്കേണ്ട ദിവസം ആണ്. നമ്മളുടെ തിരക്കുകള്‍ മാറ്റി വെച്ച് ഈ ദിനം നിങ്ങള്‍ക്ക് വേണ്ടി ലോകം മാറ്റിവെച്ച ദിവസം ആണെന്ന് പറഞ്ഞ് കൊണ്ട് അവരെ ഒന്ന് ആലിംഗനം ചെയ്ത് ആ നെറുകയില്‍ ഒരു ചുംബനം കൊടുത്ത് ഒരു ചെറിയ സമ്മാനം കൂടി ആ കരങ്ങളില്‍ കൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും മാതൃത്വം എന്ന വിശിഷ്ട പദവി ഓര്‍ത്ത് അവര്‍ സന്തോഷം കൊള്ളുന്നത് നമുക്ക് കാണാന്‍ സാധിക്കും.
നമ്മുടെ മുഖം കാണുന്നതിനും, നമ്മുടെ സ്വരം കേള്‍ക്കുന്നതിനും മുന്നേ നമ്മളെ സ്നേഹിച്ച താലോലിച്ച ആ അമ്മയെ ഓര്‍ക്കുവാന്‍ ഒരു ദിവസം അല്ല ഒരു യുഗം തികയില്ല. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ കണക്കിലെടുക്കാതെ നമ്മളെ പത്ത് മാസം ചുമന്ന് കഴിയുമ്പോള്‍ അവരുടെ ഉത്തരവാദിത്തം തീരുകയല്ല ,അവിടെ തുടങ്ങുകയാണ്. നമ്മള്‍ ജനിച്ച ആ നിമിഷം മുതല്‍ നമുക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി ആകുന്നതു വരെ അവരുടെ മനസ്സില്‍ നമ്മളെ കുറിച്ച് തീയാണ്. ആ പ്രായം കഴിഞ്ഞാലും ഒരു ആയുഷ്കാലം മുഴുവന്‍ അവര്‍ക്ക് നമ്മള്‍ കുഞ്ഞുങ്ങള്‍ ആണ്.
മാതാവിനേയും മാതൃത്വത്തെയും ആദരിക്കുന്ന ഈ ദിവസം ഇത് വായിക്കുന്ന എന്‍റെ എല്ലാ അമ്മമാര്‍ക്കും ഒരായിരം സ്നേഹ ചുംബനങ്ങള്‍.....അമ്മ ഒരു പാഠം അല്ല ഒരു ഗ്രന്ഥം ആണ്. മനസ്സില്‍ നന്മ ഉള്ളവര്‍ക്ക് മാത്രം വായിക്കാന്‍ കഴിയുന്ന ഒരു പുസ്തകം.
