2016 ഓഗസ്റ്റ് 6, ശനിയാഴ്‌ച

സൗഹൃദ ദിനം : പഴയ ഓര്‍മ്മകളിലൂടെ

ചിത്രം കടപ്പാട്
 
        കാലത്തിന്‍റെ കുത്തൊഴുക്കില്‍ നമുക്ക് നഷ്ടമായ നമ്മുടെ സൗഹൃദങ്ങള്‍, ഇഷ്ടങ്ങള്‍,സ്വപ്‌നങ്ങള്‍,അവസരങ്ങള്‍ അങ്ങനെ എണ്ണിയാല്‍ തീരാത്തവ. ഒരിക്കലും തിരിച്ച് കിട്ടില്ല എന്ന് നമ്മള്‍ കരുതിയവ. കാലം കടല്‍ പോലെയാണ്. കവര്‍ന്നെടുത്തത്‌ ഒരിക്കല്‍ ഭാഗികമായെങ്കിലും തിരിച്ച് തരുമ്പോള്‍ അതില്‍ മാറ്റങ്ങള്‍ ഒത്തിരി കാണും. എന്നാല്‍ കാലം ഒരിക്കലും തിരിച്ച് തരാത്തതും നമ്മള്‍ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നതുമായ ചിലത് ഉണ്ട്. നമ്മള്‍ നിധി പോലെ കാത്ത നമ്മുടെ ബാല്യവും കൌമാരവും. കാല ചക്രത്തിന്‍റെ ഭ്രമണ പഥത്തില്‍ ഓര്‍മ്മയില്‍ നിന്ന് പലതും മാഞ്ഞെങ്കിലും ഓര്‍ക്കുമ്പോള്‍ ഇടനെഞ്ചില്‍ ഒരു തീയായി ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒന്നുണ്ട്. അതെന്‍റെ.... അല്ല നമ്മുടെ ബാല്യം.കൂട്ടിന് ഓര്‍മ്മകളുംകുറെ കൂട്ടുകാരും.

     ഓരോ സൗഹൃദത്തിനു പിന്നിലും ഓരോ കാരണങ്ങള്‍ ഉണ്ട്. കാരണങ്ങള്‍ ചിലപ്പോള്‍ നിസ്സാരമായിരിക്കാം എങ്കിലും  ആ സൗഹൃദങ്ങള്‍ക്ക് ഒരു  ആഴം  ഉണ്ടായിരുന്നു.   ഓരോ പിണക്കങ്ങളും ഇണക്കങ്ങളായി പുനര്‍ജനിക്കുമ്പോള്‍ ശക്തി കൂടുന്നത് സൗഹൃദത്തിന് ആയിരുന്നു. അടി കൂടാനും വാശി കാണിക്കാനും ചങ്ക് പറിച്ച് കൊടുത്ത് സ്നേഹിക്കാനും ഇണങ്ങാനും പിണങ്ങാനും കരയിപ്പിക്കാനും സന്തോഷിപ്പിക്കുവാനും സ്വാതന്ത്ര്യമുള്ള സൗഹൃദം.

    
      ബാല്യ കാല സുഹൃത്തുക്കള്‍ ഒരാള്‍ എങ്കിലും ഇല്ലാത്തവര്‍ ചുരുക്കം . അത് നമ്മുടെ നാട്ടിലോ നമ്മള്‍ പഠിച്ച സ്കൂളിലോ എവിടെയാണെങ്കിലും ആ സൗഹൃദങ്ങള്‍ക്ക് എന്നും നമ്മുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ട്. കൃഷ്ണനും കുചേലനും പോലെ അയ്യപ്പനും വാവരും പോലെ ഉച്ച നീചത്വങ്ങളോ മതത്തിന്‍റെ അതിര്‍ വരമ്പുകളോ ഇല്ലാത്ത നമ്മള്‍ അനുഭവിച്ച ആ നിഷ്കളങ്ക സൗഹൃദങ്ങള്‍ ഈ തലമുറയിലും ഉണ്ടാകട്ടെ എന്ന് ആശംസിച്ച് കൊണ്ട് എന്‍റെ സുഹൃത്തുക്കള്‍ക്കും ഒരായിരം സൗഹൃദ ദിന ആശംസകള്‍. ഈശ്വരന്‍ ഏവരെയും അനുഗ്രഹിക്കട്ടെ.