2024 ജൂലൈ 31, ബുധനാഴ്‌ച

വയനാട് ഒരു നോവ്.

 

           പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മലയോര ജില്ലയായ വയനാടിന്‍റെ ജനവാസമുള്ള സുന്ദര  ഗ്രാമങ്ങൾ ആയിരുന്നു ഇന്നലെ വരെ മുണ്ടക്കൈയും  ചൂരൽമലയും പുഞ്ചിരിമറ്റവമൊക്കെ. സാധാരണക്കാരായ തോട്ടം തൊഴിലാളികളും,കർഷകരും അവരുടെ അരുമകളും തിങ്ങി പാർത്ത അവരുടേതായ ഒരു ലോകം അതായിരുന്നു ആ ഗ്രാമങ്ങൾ.  കര്‍ക്കിടക മഴ തഴുകിയുറക്കിയ ആ ഗ്രാമങ്ങൾക്ക് ആ  വലിയ മുഴക്കത്തിന് മുന്നിൽ ഉണരുവാൻ സാധിച്ചെങ്കിലും പാഞ്ഞു വന്ന മലവെള്ളത്തിനു മുന്നില്‍  അവർ നിസ്സഹായരായിരുന്നു. പ്രകൃതിയുടെ നീരാളി കരങ്ങൾ അവരെ വരിഞ്ഞു മുറുക്കി കൊണ്ടുപോയപ്പോൾ അവരുടെ നിലവിളി പുന്നപുഴയാറിന്‍റെ ഓളങ്ങളിൽ അലിഞ്ഞു പോയി. 

          ഉറ്റവരെ മരണത്തിന് മുന്നിൽ നിന്ന് രക്ഷിക്കാനാകാതെ ഒറ്റപ്പെട്ടുപോയവർ, തങ്ങളുടെ പ്രിയപ്പെട്ടവർ ജീവനോടെ ഉണ്ടാകണേ എന്ന പ്രർത്ഥനയോടെ അവരെ അന്വേഷിക്കുന്നവർ, ജനിച്ചു വളർന്ന വീടും ചുറ്റുവാടും നിമിഷ  നേരം കൊണ്ട് തരിശു ഭൂമി ആയതു കണ്ട് നെടുവീർപ്പെടുന്നവർ, ചെളി നിറഞ്ഞ മണ്‍കൂനയില്‍ ജീവന്‍റെ തുടിപ്പ് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് നോക്കുന്നവര്‍, തങ്ങളുടെ യജമാനന്‍മാരെ തിരയുന്ന വളര്‍ത്തു മൃഗങ്ങള്‍ ....... അങ്ങനെ നിമിഷ നേരം കൊണ്ട്  ഹൃദയം പൊട്ടുന്ന കാഴ്ചകളുടെ പരുദീസ്സയായി മാറി ആ ഗ്രാമങ്ങള്‍. ജാതി മത വര്‍ണ്ണ വ്യത്യാസമില്ലാതെ അറിഞ്ഞവര്‍ അറിഞ്ഞവര്‍ ഓടി വന്ന് രക്ഷാപ്രവര്‍ത്തനത്തിനായി തങ്ങളുടെ ജീവന്‍ പണയം വെച്ച് അവസാന ജീവന്‍ തിരയുന്നതും, കാട്ടില്‍ അകപ്പെട്ട കുടുംബത്തെ രാത്രി മുഴുവന്‍ കാവല്‍ നിന്ന് സംരക്ഷിച്ച കാട്ടു കൊമ്പന്‍മാരുടെ കരുതലും നമുക്ക് കാണാതിരിക്കുവാന്‍  കഴിയില്ല. 

           2018 ലെ പ്രളയത്തെ നാം ഒറ്റകെട്ടായി നേരിട്ടത് പോലെ ഇതും നമ്മള്‍ അതിജീവിക്കും. മരണപ്പെട്ടവര്‍ക്ക് നിത്യശാന്തി നേര്‍ന്നു കൊണ്ട് ഈ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു. 


2024 മേയ് 12, ഞായറാഴ്‌ച

വെറും ചടങ്ങ് മാത്രമോ മാതൃദിനം.?

പോറ്റി വളര്‍ത്തിയ അമ്മയെ വൃദ്ധ സദനത്തില്‍ ഉപേക്ഷിച്ചിട്ട് അവന്‍ തന്‍റെ ഫേസ്ബുക്കില്‍ ഇപ്രകാരം കുറിച്ചു. "എന്നെ വളര്‍ത്തി വലുതാക്കിയ എന്‍റെ അമ്മക്ക് മാതൃദിന ആശംസകള്‍ ". ഓര്‍മ്മകള്‍ തളംകെട്ടി കിടക്കുന്ന, ഒറ്റപ്പെടലുകളുടെ കണ്ണീര്‍ നനവുള്ള ആ വൃദ്ധ സദനത്തിന്‍റ തണുത്ത ഇടനാഴികളില്‍ ഇരുന്ന് ആ അമ്മ ഒരിക്കലും ആ സന്ദേശം വായിച്ചിട്ടുണ്ടാവില്ല. 
മാതൃദിനം എന്നത് ലൈക്ക് കിട്ടുവാന്‍ വേണ്ടി ഫേസ്ബുക്ക്‌ പേജില്‍ ഇടുന്ന ഒരു കുറിപ്പ് ആയി മാറരുത്. ഒരു മകനോ മകള്‍ക്കോ തന്‍റെ അമ്മയെ സ്നേഹിക്കുന്നതിനോ, അമ്മക്ക് തന്‍റെ മക്കളെ സ്നേഹിക്കുന്നതിനോ ഒരു പ്രത്യേക ദിനത്തിന്‍റെ ആവശ്യം വരുന്നില്ല. എന്നാലും മാതൃദിനം എന്നത് ആചരിക്കേണ്ട ദിവസം അല്ല, മറിച്ച് അവരെ ആദരിക്കേണ്ട ദിവസം ആണ്. നമ്മളുടെ തിരക്കുകള്‍ മാറ്റി വെച്ച് ഈ ദിനം നിങ്ങള്‍ക്ക് വേണ്ടി ലോകം മാറ്റിവെച്ച ദിവസം ആണെന്ന് പറഞ്ഞ് കൊണ്ട് അവരെ ഒന്ന് ആലിംഗനം ചെയ്ത് ആ നെറുകയില്‍ ഒരു ചുംബനം കൊടുത്ത് ഒരു ചെറിയ സമ്മാനം കൂടി ആ കരങ്ങളില്‍ കൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും മാതൃത്വം എന്ന വിശിഷ്ട പദവി ഓര്‍ത്ത് അവര്‍ സന്തോഷം കൊള്ളുന്നത്‌ നമുക്ക് കാണാന്‍ സാധിക്കും.
നമ്മുടെ മുഖം കാണുന്നതിനും, നമ്മുടെ സ്വരം കേള്‍ക്കുന്നതിനും മുന്നേ നമ്മളെ സ്നേഹിച്ച താലോലിച്ച ആ അമ്മയെ ഓര്‍ക്കുവാന്‍ ഒരു ദിവസം അല്ല ഒരു യുഗം തികയില്ല. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ കണക്കിലെടുക്കാതെ നമ്മളെ പത്ത് മാസം ചുമന്ന് കഴിയുമ്പോള്‍ അവരുടെ ഉത്തരവാദിത്തം തീരുകയല്ല ,അവിടെ തുടങ്ങുകയാണ്. നമ്മള്‍ ജനിച്ച ആ നിമിഷം മുതല്‍ നമുക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി ആകുന്നതു വരെ അവരുടെ മനസ്സില്‍ നമ്മളെ കുറിച്ച് തീയാണ്. ആ പ്രായം കഴിഞ്ഞാലും ഒരു ആയുഷ്കാലം മുഴുവന്‍ അവര്‍ക്ക് നമ്മള്‍ കുഞ്ഞുങ്ങള്‍ ആണ്.
 മാതാവിനേയും മാതൃത്വത്തെയും ആദരിക്കുന്ന ഈ ദിവസം ഇത് വായിക്കുന്ന എന്‍റെ എല്ലാ അമ്മമാര്‍ക്കും ഒരായിരം സ്നേഹ ചുംബനങ്ങള്‍.....അമ്മ ഒരു പാഠം അല്ല ഒരു ഗ്രന്ഥം ആണ്. മനസ്സില്‍ നന്മ ഉള്ളവര്‍ക്ക് മാത്രം വായിക്കാന്‍ കഴിയുന്ന ഒരു പുസ്തകം.