ആരോടോ പ്രതികാരം തീർക്കുന്നത് പോലെ അലാറം ഇന്നും ഉറക്കെ കൂവി. പാതി കണ്ട സ്വപ്നത്തെയും മാടി വിളിക്കുന്ന കിടക്കയെയും വിട്ട് പാതി മയക്കത്തോടെ എഴുന്നേറ്റപ്പോൾ പുതപ്പിനിടയിലൂടെ മൂട്ടകൾ ഓടി ഒളിക്കുന്നു. ഇന്ന് അവയെ പിടിക്കാൻ പോയാൽ ഇന്നത്തെ ജോലിക്ക് പോക്ക് നടക്കില്ല. അല്ലെങ്കിലും എല്ലാർക്കും പരാതി ആണ്. രാവിലെ വണ്ടിയിൽ ഞാൻ താമസിച്ചു വരുന്നു എന്ന്. എന്തിനാ എല്ലാവരെയും കൊണ്ട് വെറുതെ പറയിപ്പിക്കുന്നെ.
എന്തായാലും ഇന്ന് കുറച്ച് നേരത്തെ എത്തി. വണ്ടി എടുത്തില്ല.എന്റെ നേരത്തെയുള്ള വരവ് കണ്ടിട്ടായിരിക്കാം ഞങ്ങളുടെ പഞ്ചാബി ഡ്രൈവർ ഒരു അർത്ഥം വച്ചൊരു ചിരി. അയാളുടെ ചിരിയിൽ ആ താടി മുഴുവൻ കുലുങ്ങി. സാധാരണ ഓടി കിതച്ച് വണ്ടിയിൽ കയറുന്ന ഞാൻ ഇന്ന് നേരത്തെ വന്നോണ്ടായിരിക്കാം. ആ ചിരിയുടെ പിന്നിൽ. എന്തായാലും നേരത്തെ എത്തി. അത്ര തന്നെ. വണ്ടിയിൽ എത്തിയവർ ഉപേക്ഷിച്ചു വന്ന ഉറക്കത്തെ വീണ്ടും പുണർന്ന് തുടങ്ങി. വണ്ടിയിൽ കയറിയാൽ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ഞാൻ ഇന്ന് ഉറങ്ങിയില്ല, മയങ്ങിയില്ല. കാരണം ഉണ്ട്. ഓർമ്മകളെ ഉണർത്തുവാൻ അതിലൂടെ ഓടി കളിക്കുവാൻ ഒരു നല്ല ദിവസം. ഇന്ന് ജൂണ്‍ ഒന്ന്. ഞാനും പതിവായി മനസ്സുകൊണ്ട് കൊച്ചു കുട്ടിയാകുന്ന ദിവസം. വേനൽ അവധിയുടെ സന്തോഷത്തെയും കളി ചിരികളെയും തല്കാലം മാറ്റി നിർത്തി പള്ളിക്കൂടത്തിലേക്ക് ഒരു മടക്ക യാത്ര. മനസ്സ് വീണ്ടും ആ നല്ലകാലത്തേക്ക് ചേക്കേറി.
ഞാനും ശ്രീദേവിയും. അല്ല ശ്രീകുട്ടിയും. അവളെ അങ്ങനെ വിളിക്കാൻ ആണ് ഇഷ്ടം. ഇവളെ നേരത്തെ ഒന്ന് പരിചയപ്പെടുത്തിയതാണ്. എന്റെ ബാല്യകാല സഖി. എന്റെ എല്ലാ കള്ളതരത്തിനും കൂട്ട് നില്ക്കുന്ന എന്റെ കളിത്തോഴി. ഞാനും ശ്രീയും കൂടി പുത്തനുടുപ്പും പുത്തൻ കുടയുമായി പാട വരമ്പത്ത് കൂടി നടക്കുമ്പോൾ ഞങ്ങളെ കണ്ട് പാടത്തെ പരൽ മീനുകൾ ഓടി ഒളിച്ചിരുന്നു. വയറ് നിറയെ ഞങ്ങൾക്ക് മാമ്പഴം നല്കിയ മൂവാണ്ടൻ മാവുകൾ മാമ്പഴകാലം കഴിഞ്ഞതിന്റെ സങ്കടത്തിലായിരിക്കാം തല താഴ്ത്തി നില്ക്കുന്നു. എങ്കിലും അണ്ണാര കണ്ണൻമാർക്ക് ഇതൊന്നും ഒരു വിഷയം അല്ലാത്തത് പോലെ ചില്ലകൾ തോറും അവ ചാടി മറിയുന്നു.സമീപത്തെ വീടുകളിലെ കുട്ടികൾ കൂടി ഞങ്ങളുടെ കൂടെ കൂടുമ്പോൾ ആ കൂട്ടം പുത്തൻ വർണ്ണങ്ങളുടെ പളുങ്ക് കൊട്ടാരമാകുന്നു. വർണ്ണ കുടകളും പല നിറത്തിലെ ബാഗുകളും പിന്നെ രണ്ട് മാസത്തെ വെടി പറച്ചിലുമായി ഒരു സ്കൂൾ യാത്ര. ഞങ്ങളുടെ ആ വരവിന് ആശംസ അറിയിച്ച് വരുന്നത് പോലെ മണ്‍സൂണ്‍ മഴ ചാറി തുടങ്ങി. പുത്തൻ കുടകളിൽ മഴ തുള്ളികൾ വീണപ്പോൾ അവ കുടകളിൽ ഇരുന്നു മിന്നുന്നത് പോലെ തോന്നി.
ഞങ്ങളുടെ ആ യാത്രയിൽ ഞങ്ങളെ കാത്തിരിക്കാൻ ഒരാളുണ്ട് . ഒരു കാലത്ത് ആ നാട് തന്നെ അറിയപ്പെട്ടിരുന്നത് അവരിലൂടെ ആയിരുന്നു. എന്നാൽ ഇന്ന് നാടിനു ശാപം എന്ന് ആളുകൾ കരുതുന്ന ഞങ്ങളുടെ പാവം പാറു മുത്തശ്ശി. അവർക്ക് കുട്ടികളെ ഒത്തിരി ഇഷ്ടം ആയിരുന്നു. എങ്കിലും നാട്ടുകാർ അവരെ ഭ്രാന്തി പാറു എന്നാണ് വിളിക്കുന്നത്. പാറു മുത്തശ്ശിക്കും ഉണ്ടായിരുന്നു ഒരു നല്ല കാലം. നാളുകൾ പുറകോട്ടിറങ്ങി നോക്കുകയാണെങ്കിൽ അന്ന് അവർ നാട് അറിയപ്പെട്ടിരുന്ന ഒരു സംഗീത അധ്യാപിക ആയിരുന്നു. പല നാടുകളിൽ നിന്ന് പോലും പാട്ട് പഠിക്കാൻ അവിടെ കുട്ടികൾ എത്തിയിരുന്നു. അങ്ങനെ നാളുകൾ കഴിഞ്ഞ് പോയി. ഇടവ പാതിയിലെ ഒരു മഴയിൽ വീശിയ വലിയ ഇടി അവരുടെ ജീവിതം തന്നെ തകർക്കുകയായിരുന്നു. ആ ഇടി വെട്ടിൽ അവരെ തനിച്ചാക്കി പോയത് അവരുടെ പൊന്നോമനകൾ രണ്ട് പേരായിരുന്നു. ആ സംഭവം നാടിനെ നടുക്കി. അവരുടെ ജീവിതത്തെയും.
ആ സംഭവത്തിനു ശേഷം ആ അമ്മ ആകെ തകർന്ന് പോയി. മനസിന്റെ താളം തെറ്റിയെങ്കിലും അവർക്ക് കുട്ടികളെയെന്നും ഒത്തിരി ഇഷ്ടം ആയിരുന്നു.എന്നും രാവിലെ ഞങ്ങളെ കാത്ത് പാറു മുത്തശ്ശി വഴിയിൽ നിൽക്കുമായിരുന്നു. തെങ്ങും തോപ്പിന്റെ ഇടയിലൂടെയുള്ള ആ മണ്‍പാതയിൽ ഞങ്ങളെ കാത്തിരിക്കുന്ന പാറു മുത്തശ്ശിക്ക് ഒരു കണി പോലെ ആയിരുന്നു ഞങ്ങളുടെ വരവ്. പാതയുടെ ഓരത്തുള്ള പാറു മുത്തശ്ശിയുടെ വീട്ടിൽ നിന്നും ചിലപ്പോഴെക്കെ പാട്ടുകൾ കേൾക്കാമായിരുന്നു. കൂട്ടത്തിലുള്ള കുട്ടികൾ പറയും പാറു തള്ളക്കു ഭ്രാന്ത് കൂടി എന്ന്. എന്നാൽ ഞങ്ങൾക്ക് അത് കേൾക്കാൻ ഇഷ്ട്ടമാല്ലായിരുന്നു. ഞങ്ങളെ അത്രക്കും ഇഷ്ട്ടമായിരുന്നു പാറു മുത്തശ്ശിക്ക്.
എന്നാൽ വേനൽ അവധി കഴിഞ്ഞ് ഞങ്ങളെ കാത്തിരിക്കുന്ന പാറു മുത്തശ്ശിയെ പ്രതീഷിച്ചാണ് ഞങ്ങൾ അന്ന് പോയത്. എന്നാൽ പ്രതീക്ഷകൾ അന്ന് തെറ്റിയിരുന്നു. ഞങ്ങളെ കാത്ത് നിൽക്കാൻ അവരന്നില്ലായിരുന്നു. പാറു മുത്തശ്ശിയുടെ വീടിന്റെ അടുത്ത് നിന്ന് വരുന്ന വാസു പറഞ്ഞാണ് ഞങ്ങൾ അത് അറിഞ്ഞത്. ഞങ്ങളെ വിട്ടകന്നു രാവിലെ പാറു മുത്തശ്ശി പറന്നു പോയി എന്ന്.
എന്റെ കണക്കു കൂട്ടൽ ശരിയാണെങ്കിൽ ഇന്ന് പാറു മുത്തശ്ശിയുടെ ഇരുപത്തൊന്നാം ചരമ വാർഷികം. ജൂണ്‍ ഒന്ന് ഒരു സ്കൂൾ തുറക്കലിന്റെ കൂടി മങ്ങിയ ഓർമ്മകൾ.