ഇനിയും മരിക്കാത്ത ഓര്‍മ്മകളും പേറി ആര്‍ക്കുവേണ്ടിയോ അലയുമ്പോള്‍,......... കടന്നു പോയ കാലത്തിന്‍റെ കാലൊച്ചകള്‍ കാതുകളില്‍ വീണ്ടും മുഴങ്ങുമ്പോള്‍....... ഭൂത കാലത്തിന്‍റെ തണുത്തുറഞ്ഞ താഴ്വാരങ്ങളിലെക്ക് വെറുതെ ഒന്ന് എത്തി നോക്കുമ്പോള്‍ അവിടെ ഏകാന്തതയുടെ മറവിൽ ഒത്തിരി ഓര്‍മ്മകളും പേറി വിറങ്ങലിച്ച കണ്ണുകളുമായി എന്നെയും കാത്തിരിക്കുന്ന ഒരാളുണ്ട് ....... എന്‍റെ ബാല്യം.ഓര്‍ക്കുവാന്‍ ഒരായിരം നല്ല ഓർമ്മകൾ തന്നിട്ട് കാലത്തിന്‍റെ കടന്നു പോക്കിൽ എന്നെയും വിട്ട് അകന്നിരിക്കുന്ന, മറഞ്ഞിരിക്കുന്ന, ആ നല്ല ബാല്യത്തില്‍ മനസ്സിന് സന്തോഷം തരുന്ന ഒരു സുദിനം ഉണ്ട്. അത് ജൂണ്‍ ഒന്ന്.
മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒരു കൊച്ചു കുട്ടിയാകാന്‍ ഞാന്‍ ഇന്നും കൊതിക്കുന്ന ദിവസങ്ങളില്‍ ഒന്ന്. മങ്ങിയ ഓര്‍മ്മകളെ ഉണര്‍ത്തി അതിലൂടെ ഓടി കളിക്കുവാൻ ഒരു നല്ല ദിവസം. വേനൽ അവധിയുടെ സന്തോഷത്തെയും കളി ചിരികളെയും തല്‍ക്കാലം മാറ്റി നിർത്തി പള്ളിക്കൂടത്തിലേക്ക് ഒരു മടക്ക യാത്ര. മനസ്സ് വീണ്ടും ആ നല്ലകാലത്തേക്ക് ചേക്കേറി.
രണ്ട് മാസത്തെ ഇടവേളക്ക് ശേഷം നാട് ഇളക്കി കൊണ്ട് ഗ്രാമ വീഥികളെ വര്‍ണ്ണ ശോഭിതമാക്കി വരുന്ന ഞങ്ങളുടെ കുട്ടിപട്ടാളത്തില്‍ അവധി കഴിഞ്ഞു വരുന്നതിന്‍റെ ഒരു ചെറിയ പരിഭവം കാണാം .മാഷിനെയും മാഷിന്‍റെ ചൂരലിനെയും പുസ്തകത്തെയും ഗ്രഹ പാഠത്തെയും പേടിക്കേണ്ടാത്ത രണ്ട് മാസം പോയതിന്‍റെ ചെറിയ ഒരു വിഷമം എല്ലാരുടെയും മുഖത്ത് മിന്നുന്നുണ്ട്. എങ്കിലും പുതിയ ക്ലാസ്സിലേക്ക് സ്ഥാന മാറ്റം കിട്ടുന്നത് ഞങ്ങളില്‍ ഒരു സന്തോഷം നല്‍കിയിരുന്നു.ഞങ്ങളെ വരവേല്‍ക്കാന്‍ പതിവ് പോലെ ചാഞ്ഞിറങ്ങി വരുന്ന ചാറ്റല്‍ മഴ. പുത്തന്‍ ഉടുപ്പിന്‍റെ പുത്തന്‍ മണം കളയാന്‍ ഞങ്ങളുടെ വരവ് നോക്കി ഇരുന്ന കള്ള മഴയെ അപ്പോള്‍ ഇഷ്ടം അല്ലെങ്കിലും വൈകിട്ട് ചെളി വെള്ളം തട്ടി കളിച്ച് കുട ഉണ്ടെങ്കിലും എടുക്കാതെ മഴ നനഞ്ഞ് വരുമ്പോള്‍ ആ മഴയെ ഒത്തിരി ഇഷ്ടം ആണ്. വര്‍ണ്ണ കുടയില്‍ തട്ടി തെറിച്ച് വീഴുന്ന മഴ തുള്ളികളെ കുട കറക്കി തെറിപ്പിച്ച് ഞങ്ങള്‍ നീങ്ങുമ്പോള്‍ രണ്ട് മാസത്തെ നുണ കഥകളുടെയും യാത്ര വിവരണങ്ങളുടെയും ഒരു ശേഖരം ആണ് മഴ പോലെ ഞങ്ങളില്‍ നിന്ന് അഴിഞ്ഞ് വീഴുന്നത്. ആദ്യ യാത്രയില്‍ വസ്ത്രങ്ങളിലും പുസ്തക സഞ്ചിയിലും ചെളി പുരളാതിരിക്കാന്‍ ആവുന്നത് ശ്രമിക്കും.
തലേന്ന് പെയ്ത മഴയില്‍ വഴിയോരത്ത് ഒഴുകി പോകാന്‍ മറന്ന മഴയുടെ ശേഷിപ്പില്‍ കാക്കകള്‍ ദേഹം മിനുക്കുന്നു. അവയെ എറിയാന്‍ കണ്ണുകള്‍ കല്ലുകള്‍ തിരയുമ്പോള്‍ പറന്നകന്ന് മുകളിലെ ലൈന്‍ കമ്പിയില്‍ പോയിരുന്ന് രൂക്ഷമായി നോക്കുന്ന കാക്ക കൂട്ടങ്ങള്‍. പൂരം കഴിഞ്ഞ ഉത്സവ പറമ്പ് പോലെ ആളൊഴിഞ്ഞ മാവിന്‍ ചുവട്. മാമ്പഴം തീര്‍ന്ന വിഷമത്തില്‍ എന്തോ ചിലച്ച് കൊണ്ട് അടുത്ത കൊമ്പിലേക്ക് ചാടി കളിക്കുന്ന അണ്ണാറ കണ്ണന്മാര്‍.
സ്കൂളില്‍ എത്തി കഴിഞ്ഞാല്‍ അവധിക്കാലത്തിന്‍റെ വിശേഷങ്ങള്‍. പഴയ ക്ലാസ്സിനോട് വിട പറഞ്ഞ് പുതിയ ക്ലാസ്സിലേക്ക് കയറുമ്പോള്‍ പഴയ കൂട്ടുകാരോടൊത്ത് പഴയത് പോലെ ഇരിക്കാന്‍ മത്സരം. അന്ന് പഠിപ്പീര് ഇല്ല. ആകെ ഒരു സന്തോഷത്തിന്‍റെ ദിവസം. ഒന്ന് ശ്രദ്ധിച്ചിരുന്നാല്‍ താഴെ ഒന്നാം ക്ലാസ്സില്‍ നിന്ന് പുതിയ ലോകത്തേക്ക് കുടിയേറിയ കുഞ്ഞനുജന്മാരുടെ കുഞ്ഞ് കരച്ചില്‍ കേള്‍ക്കാം. എല്ലാം ഇന്നലെ പോലെ......... ഓര്‍മ്മകള്‍ മരിക്കുന്നില്ല. അവയെ കൊല്ലാന്‍ ആഗ്രഹവുമില്ല.

