നീണ്ട ഒരു ഇടവേളക്ക് ശേഷമാണ് ഇന്ന് വീണ്ടും എഴുതാന്‍ ഇരുന്നത്. കൊറോണ വരുത്തിയ ആലസ്യത്തില്‍ നിന്ന് മനസ്സ് പതുക്കെ ഉണരുന്നതേയുള്ളൂ. എങ്കിലും അലസമായ ചിന്തകള്‍ക്കിടയില്‍ നിന്ന് അരിച്ചിറങ്ങുന്ന ഓര്‍മ്മകളെ പെട്ടന്ന് തളച്ചിടുവാന്‍ കഴിയില്ലല്ലോ. ഇന്ന് ജൂണ്‍ ഒന്ന്. ഓരോ മലയാളിയും മനസ്സില്‍ സൂക്ഷിക്കുന്ന ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത മനോഹരമായ സുദിനം. കണ്ണീരിന്റെ നനവുള്ള പുത്തനുടുപ്പിന്റെ മണമുള്ള ഒന്നാം ക്ലാസിന് ഓര്‍മ്മയില്‍ ഇന്നും ഒന്നാം സ്ഥാനം ആണ്.
അംഗനവാടിയിലെ ഉപ്പുമാവിനെക്കാളും രുചിയുള്ളത് കിട്ടുന്ന, ഉച്ചയുറക്കത്തിന്റെ സമയം കൂടുതല്‍ കിട്ടുന്ന ഒരു സ്ഥലം അത് മാത്രം
ആയിരുന്നു ഒന്നാം ക്ലാസ്സിനെ കുറിച്ചുള്ള അന്നത്തെ ധാരണ. വര്‍ണ്ണ ബലൂണുകളാലും തോരണങ്ങളാലും തിളങ്ങുന്ന ക്ലാസ് മുറി, മധുര പലഹാരങ്ങളുമായുള്ള വരവേല്‍പ്പ് ഇതെല്ലാം കണ്ടപ്പോള്‍ ആ ധാരണ ശരിയാണെന്ന് തന്നെ തോന്നി. വര്‍ണ്ണങ്ങളുടെ മാസ്മരിക ലോകത്ത് നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള മടക്കം പെട്ടന്നായിരുന്നു. പുതിയ ചങ്ങാതിമാരും പുത്തന്‍ കളികളും പുതു പുത്തന്‍ കുസൃതികളും നിറഞ്ഞ ഒരു ബാല്യം.
ഓര്‍മ്മകളിലൂടെ ആ പഴയ സ്കൂള്‍ ജീവിതത്തിലേക്ക് ചേക്കേറുമ്പോള്‍ മൂട് കീറിയ ട്രൌസറും മഷി പടര്‍ന്ന ഉടുപ്പുമായി മൂക്കട്ട ഒലിപ്പിച്ച് നടക്കുന്ന ബാല്യകാലം. നെല്ലിക്കയും ചാമ്പക്കയും കൊടുത്തു സൗഹൃദങ്ങള്‍ കരസ്ഥമാക്കുന്ന ഒരു കുട്ടിക്കാലം. നീ പള്ളിക്കാരനാണോ? അമ്പലക്കാരനാണോ? എന്ന് ഒറ്റവാക്കില്‍ ചോദിച്ച് നിര്‍ത്തുന്ന നിഷ്കളങ്ക മത വിശ്വാസം. പിണങ്ങിയും ഇണങ്ങിയും ഉള്ള പള്ളിക്കൂട ജീവിതം. പിണക്കം മാറാന്‍ തേന്‍ മിട്ടായിയോ കടല മിട്ടായിയോ വാങ്ങി പുഴു ബാക്കി വെച്ച അണ പല്ലിന്റെ മൂര്ച്ചക്ക് രണ്ടായി പകുത്ത് തോളില്‍ കയ്യിട്ട് പോകുന്ന കൊച്ചു സൗഹൃദം. വൈകിട്ട് വീട്ടില്‍ ചെല്ലുമ്പോള്‍ രാവിലെ വാങ്ങിയ പൈസക്ക് കണക്കു ചോദിച്ച് തല്ലു വാങ്ങുമ്പോള്‍ ആ വേദന കൂട്ടുകാരന്റെ പിണക്കം മാറ്റിയ സന്തോഷത്തില്‍ അലിഞ്ഞ് പോകുമായിരുന്നു. പിന്നെ പോലീസും കള്ളനും. കള്ളനായിരിക്കുമ്പോള് തന്ന ഇടിക്ക് അടുത്ത വട്ടം പോലീസ് ആയിരിക്കുമ്പോള്‍ പകരം കൊടുക്കുന്ന കണക്ക്. അങ്ങനെ പോകുന്നു ആ സൗഹൃദങ്ങള്‍. ബാര്‍ട്ടര്‍ സമ്പ്രദായം പൂര്‍വ്വികര്‍ തുടങ്ങി വെച്ചെങ്കിലും അതിന്റെ ശേഷിപ്പ് എന്ന പോലെ പുളി മിട്ടായി കൊടുത്ത് മാങ്ങ വാങ്ങിക്കുകയും കല്ല് പെന്‍സില്‍ കൊടുത്ത് ബുക്കിന്റെ വെള്ള പേപ്പര്‍ വാങ്ങിക്കുകയും ചെയ്യുന്ന കച്ചവട തന്ത്രം.
പഠനം എന്ന ചുമട് ഭാരമായപ്പോഴേക്കും അവധി ദിനങ്ങള്‍ക്കായുള്ള കാത്തിരുപ്പ് തുടങ്ങി. ഓരോ വേനലവധി കഴിയുമ്പോഴും പുതിയ ഇരിപ്പിടങ്ങളും പുതിയ ക്ലാസ് മുറികളും ജീവിതത്തില്‍ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു. ബാല്യത്തെ വിട്ട് കൌമാരത്തെ പുണര്‍ന്നപ്പോള്‍ പൊടി മീശക്കാരന് ആയെങ്കിലും ബാല്യം ഒരു സംഭവം ആയിരുന്നു. ബാല്യകാലം നിറം മങ്ങിയ സ്ലേറ്റും ഓര്‍മ്മകള്‍ അതിലെ മങ്ങിയ അക്ഷരങ്ങളും ആയാല്‍ ആ മങ്ങിയ സ്ലേറ്റില്‍ മഷിത്തണ്ട് പിഴിഞ്ഞ് ഒഴിക്കുമ്പോള്‍ ഉള്ള മിനു മിനുത്ത നിറം ഉണ്ടല്ലോ അത് പോലെയാണ് ചില ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ അവയ്ക്ക് ജീവന് വെക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കൊറോണയുടെ പിടിയില്‍ അകപ്പെട്ട സ്കൂള്‍ ജീവിതം ഓണ്‍ലൈന്‍ ലോകത്തേക്ക് കുടിയേറി. യാന്ത്രികമായ ലോകത്ത് നിന്ന് വീണ്ടും നമ്മുടെ കുഞ്ഞുങ്ങള്‍ പള്ളികൂടതിന്റെ പടി ചവിട്ടുന്നു. ശബ്ദ കോലാഹലങ്ങള്‍ ഇല്ലാത്ത സ്കൂള്‍ ഇടനാഴികള്‍, ആരവങ്ങള്‍ ഇല്ലാത്ത സ്കൂള്‍ മൈതാനങ്ങള്‍, ഉച്ചയൂണിന്റെ അവശിഷ്ടങ്ങള്‍ കഴിക്കാന്‍ കാത്തിരുന്ന് ദൂരേക്ക് ചേക്കേറിയ സ്കൂള്‍ പരിസരത്തെ കാക്ക കൂട്ടങ്ങള്‍, ഒന്നാം ക്ലാസ്സിന്റെ പടിക്കല്‍ നിന്ന് കേട്ട അപരിചിതത്തിന്റെ നിലവിളി, ഐസുകാരന്റെ സൈക്കിള്‍ മണി, പുത്തന്‍ കുട നനയ്ക്കാന്‍ കാത്തിരിക്കുന്ന മണ്‍സൂണ്‍ മഴ ഇവയെല്ലാം വീണ്ടും തിരിച്ച് വരട്ടെ. ഈ കൊറോണ കാലഘട്ടത്തെ അതിജീവിച്ച് പുതിയ ഒരു യുഗം കെട്ടി പടുക്കുവാന്‍ എല്ലാവര്ക്കും സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്ക്കും മംഗളാശംസകള്‍.
