2016 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

പൂവണിഞ്ഞ സ്വപ്നം




         


      

        അലാറം കേള്‍ക്കാതെ ഉണരുന്നത് കൊണ്ടായിരിക്കാം വെള്ളിയാഴ്ച എനിക്ക് ഒത്തിരി ഇഷ്ടമാണ്. എനിക്ക് മാത്രമല്ല എന്നെ പോലെ  ഏറെ കുറെ എല്ലാ  പ്രവാസികള്‍ക്കും. അന്ന് ഒരു ആഘോഷമാണ് . അതിനെ നാട്ടിലെ ഞായര്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം. എന്തായാലും പിറ്റേന്ന് വെള്ളിയാഴ്ച അവധി ആയത് കൊണ്ടൊന്നുമല്ല തലേന്ന് എനിക്ക് മുടിഞ്ഞ സന്തോഷമായിരുന്നു. കൂടെ ഒടുക്കത്തെ പേടിയും. എന്നാല്‍ പിന്നെ എന്തായിരിക്കും അവന് ഒരു സന്തോഷം.നിങ്ങള്‍ ചിന്തിച്ച് തുടങ്ങി കാണും അല്ലേ. ........വെറുപ്പിക്കുന്നില്ല. ഞാന്‍ തന്നെ പറയാം.ഞാനേ ...ചില മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ ഒരു അച്ഛന്‍ ആകാന്‍ പോവുകയാണ് അച്ഛന്‍ . ഭാര്യമാരുടെ പ്രസവ സമയത്ത് അവരുടെ കൂടെ നില്‍ക്കാന്‍ ബലം പകരുവാന്‍ എല്ലാ ഭര്‍ത്താക്കന്മാരും ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിച്ചു. അവധി കിട്ടാത്തത് മൂലം ആ ആഗ്രഹം മനസ്സില്‍ ഒതുക്കി. വരാന്‍ പോകുന്ന ഞങ്ങളുടെ പൊന്നോമനയെ സ്വപ്നം കണ്ട് ദിവസങ്ങള്‍ തള്ളി നീക്കി . 

ഇന്നലെ വൈകിട്ടോട് കൂടിയാണ് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യത്തെ പ്രസവം ആണ്. അതുകൊണ്ട് ഞങ്ങള്‍ രണ്ട് പേര്‍ക്കും ആകെ ഒരു പേടി .വെള്ളിയാഴ്ചയാണ് തീയതി പറഞ്ഞിരിക്കുന്നത്. തലേന്ന് വിളിച്ച് ഒത്തിരി ധൈര്യം പകര്‍ന്നെങ്കിലും ധൈര്യം കുറഞ്ഞത്‌ എന്‍റെയാണ്. " രാത്രിയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. ആകെ ഒരു വെപ്രാളം. മനസ്സിലൂടെ നല്ലതും തീയതുമായ സംഭവ കഥകള്‍ മിന്നി മാഞ്ഞു. വെളുപ്പിനെ എപ്പോഴോ ഒന്ന് മയങ്ങി.

രാവിലെ നിര്‍ത്താതെയുള്ള മൊബൈലിന്‍റെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്. നോക്കിയപ്പോള്‍ നാട്ടില്‍ നിന്ന് തന്നെ. ആകാംക്ഷയോടെയാണ് ഞാന്‍ ഫോണ്‍ എടുത്തത്‌. അച്ഛന്‍ ആണ് തലക്കല്‍. "അവളെ പ്രസവത്തിന് വേണ്ടി ലേബര്‍ റൂമില്‍ കയറ്റി'. കേട്ടപ്പോള്‍ ആകെ ഒരു ആധി. എന്ത് ചെയ്യണം എന്ന് എനിക്ക് തന്നെ അറയില്ല. ഞാന്‍ എഴുന്നേറ്റ് ജനാല തുറന്ന് പുറത്തേക്ക് നോക്കി. ഇല്ല....! ലോകത്തിന് ഒന്നും സംഭവിച്ചിട്ടില്ല. വാഹനങ്ങള്‍ റോഡിലൂടെ  ചീറി പാഞ്ഞ് പോകുന്നു. രാത്രി ജോലി കഴിഞ്ഞ് ആളുകള്‍ റൂമിലേക്ക്‌ പോകുന്നു. ജോലി കഴിഞ്ഞ് വന്ന സഹ മുറിയനോട് കാര്യം പറഞ്ഞെങ്കിലും ആള് ഒന്ന് ചിരിച്ചു. വെറുതെ പേടിക്കണ്ട എല്ലാം നല്ലതായെ വരൂ. അദ്ദേഹം അനുഭവത്തില്‍ നിന്നാണ് പറഞ്ഞത് എങ്കിലും എന്‍റെ പിരി മുറുക്കത്തിന് ഒട്ടും കുറവില്ല.  പല സംശയങ്ങള്‍ മനസ്സില്‍ പൊങ്ങി വന്നു. ഈ സമയത്ത് ആരോട് ചോദിക്കാന്‍. പിന്നെ എന്തിനും ഏതിനും ആശ്രയിക്കാന്‍ ഒന്ന് മാത്രം. "ഗൂഗിള്‍". പെട്ടന്ന് കമ്പ്യൂട്ടര്‍ തുറന്നു. പ്രസവ സമയം അടിച്ചു കൊടുത്തു . എന്തൊക്കെയോ വന്നു. ആ ഒന്നും മനസ്സിലായില്ല. അതും അടച്ച് വെച്ചു. എല്ലാവരും അവസാനം ദൈവത്തിലേക്ക് വരുന്നത് പോലെ ഞാനും ദൈവത്തിലേക്ക് നോക്കി. മനമുരുകി പ്രാര്‍ത്ഥിച്ചു. ഹോ.. മനസ്സിന് ഒരു വല്ലാത്ത ആശ്വാസം. വീട്ടും നാട്ടിലേക്ക് വിളിച്ചു. അറിഞ്ഞതിന് ശേഷമുള്ള പത്താമത്തെ വിളിയാണ്. " മോനെ പ്രസവം കഴിയുമ്പോള്‍ ഞങ്ങള്‍ വിളിക്കാം ഇങ്ങനെ ആധി കൂട്ടണ്ട." അപ്പന്‍റെ വക ഉപദേശം. കൂടെ " അവനോട് അവിടെ അടങ്ങി ഇരിക്കാന്‍ പറ " അത് അന്നമ്മ ചേടത്തി യുടെ  വക" . അമ്മച്ചിക്ക് മക്കള്‍ പന്ത്രണ്ട്. പന്ത്രണ്ടും സുഖ പ്രസവം. ഒന്നിനെ വയലില്‍ കൊയ്യാന്‍ പോയപ്പോള്‍ പ്രസവിച്ചിട്ടു എന്നാണ് അമ്മച്ചി പറയാറുള്ളത്. 

ജീവിതത്തില്‍ ആകെ ഒരു വട്ടം മാത്രമെ പ്രസവ മുറിയുടെ മുമ്പില്‍ പോയിട്ടുള്ളൂ. അതും വര്‍ഷങ്ങള്‍ക്ക്  മുമ്പ് കൂട്ടുകാരന്‍റെ കൂടെ. അവന്‍റെ ഭാര്യയുടെ പ്രസവം ആയിരുന്നു. ആകാംഷയോടെ കാത്ത് നില്‍ക്കുന്ന മുഖങ്ങള്‍ ആയിരുന്നു അവിടെ മുഴുവന്‍.പലരുടെയും ബന്ധുക്കളും സ്വന്തക്കാരുമായി ആകെ ഒരു ജനക്കൂട്ടം. ലേബര്‍ റൂമിന്‍റെ വാതില്‍ തുറന്ന് വരുന്ന നേഴ്സിനോട് അകത്തെ വിശേഷം തിരക്കാന്‍ ആളുകളുടെ തിരക്ക്. "ഓരോരുത്തരുടെയും ആകുമ്പോള്‍ പറയാം ആരും തിരക്ക് കൂട്ടണ്ട". നേഴ്സിന്‍റെ വക ശകാരം. വീണ്ടും ശാന്തം. അമ്മമാരെ കാണാതെ കരയുന്ന, നിര്‍ബന്ധം പിടിക്കുന്ന മൂത്ത കുട്ടികള്‍ , എങ്കിലും എന്നെ വേദനിപ്പിച്ചത്  ഭാര്യമാരെ ലേബര്‍ റൂമിന്‍റെ വാതില്‍ക്കല്‍ വരെ എത്തിച്ച് കൈ കാണിച്ച് യാത്രയാക്കുന്ന ഭര്‍ത്താക്കന്മാരുടെ മുഖങ്ങള്‍ ആയിരുന്നു.

എന്‍റെ ചിന്തകള്‍ക്ക് ഒടുവില്‍ വീണ്ടും ഫോണ്‍ ചിലച്ചു. വിറയാര്‍ന്ന കൈകളോട് കൂടി ഞാന്‍ ഫോണ്‍ എടുത്തു. " എടാ മോനെ നീ ഒരു അപ്പനായി... മോളാ". സത്യത്തില്‍ പ്രസവം കഴിഞ്ഞത് എന്‍റെ ആണെന്ന് പോലും എനിക്ക് തോന്നി പോയി . മനസ്സില്‍ നിന്ന് എന്തോ വലിയ ഏതാണ്ട് മാറി പോയത് പോലെ. മനസ്സിന്  ഒരു ഭയങ്കര സന്തോഷം. ഒരു വലിയ മഴ കഴിഞ്ഞത് പോലെ.

ഞാന്‍ ആഗ്രഹിച്ചതും കൊതിച്ചതും ഒരു മോള്‍ക്ക്‌ വേണ്ടി തന്നെയാണ്. എന്‍റെ ആഗ്രഹങ്ങള്‍ അറിഞ്ഞ് തരുന്ന ഉടയ തമ്പുരാന്‍ എനിക്ക് ഒരു മോളെയും തന്നു......"എന്നാലും മോള്‍ക്ക്‌ കൂടുതല്‍  മുഖച്ഛായ എന്‍റെ ആയിരിക്കുമോ അതോ അവളുടെയോ'! ............. ചുമ്മാ ............ അങ്ങനെ അച്ഛനായ ഗമയില്‍ ദൈവത്തിന് നന്ദി പറഞ്ഞ് കൊണ്ട് ഞാന്‍ എല്ലാവര്‍ക്കും മധുരം കൊടുക്കാന്‍ വേണ്ടി  പുറത്തേക്ക് ഓടി .

2016 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

ഞാന്‍ സ്നേഹിച്ച കറവൂര്‍

മറഞ്ഞു പോയ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ ........... മനസ്സില്‍ നിന്നും മായാതെ കിടക്കുന്ന ഒരു പിടി നല്ല ഓര്‍മ്മകളുടെ സമ്പത്ത് എനിക്കും ഉണ്ട്. അങ്ങ് ദൂരെ.... ദൂരെ എന്ന് വെച്ചാല്‍ മൂവാറ്റുപുഴ പുനലൂര്‍ റോഡിലെ അലിമുക്കിന് കിഴക്ക്. കാടിറങ്ങുന്ന കാട്ടു തടികളോടും കിഴക്കന്‍ മലകളെ തഴുകി വരുന്ന തണുത്ത കാറ്റിനോടും ചോദിച്ചാല്‍ അത് പറഞ്ഞ് തരും , കാടിന്‍റെ മണമുള്ള കാലത്തിന്‍റെ തിരു ശേഷിപ്പുള്ള കറവൂര്‍ എന്ന കൊച്ചു ഗ്രാമത്തെ പറ്റി. അതെ, അവിടെ തന്നെ. എന്‍റെ കുട്ടിക്കാലത്തിലെ നല്ല ഓർമ്മകളിൽ കൂടുതലും ഈ ഗ്രാമത്തിൽ ചിതറി കിടക്കുന്നു.

ഓണ പരീക്ഷയുടെ അവസാന ദിവസം അന്ന് പേപ്പര്‍ ആദ്യം കൊടുക്കുന്നത് ഞാനായിരിക്കും. പിന്നെ ഇടം വലം നോക്കാതെ വീട്ടിലേക്ക് ഒരു ഓട്ടമാണ്. പരീക്ഷ മുഴുവന്‍ എഴുതി തീര്‍ത്തത് കൊണ്ടല്ല. അന്ന് എന്നെ കാത്തിരിക്കാന്‍ വീട്ടില്‍ ഒരാള് കാണും. കറവൂര്കാര് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ "പറക്കോട്ടപ്പന്‍". അത് എന്‍റെ വല്യപ്പച്ചന്‍ ആണ്. അല്ലെങ്കില്‍ മൂത്തമ്മ കാണും. പിന്നത്തെ പത്ത് ദിവസം. അത് ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ ഒരു കിടിലം ഓണ അവധി.

വൈകുന്നേരങ്ങളില്‍ അപ്പച്ചന്‍റെ കയ്യും പിടിച്ച് നടക്കാനിറങ്ങും. അല്ല ഒന്ന് കറങ്ങാനിറങ്ങും. ആ നടത്തം തീരുന്നത് യുവദീപ്തി മൈതാനത്തായിരിക്കും. ഓണതുമ്പികളെ പിടിക്കാൻ ഈ മൈതാനത് കൂടി ഓടി നടന്നത് ഇന്നലകള്‍ പോലെ ഓര്‍ത്തിരിക്കുന്നു . വിശാലമായി പരന്നു കിടക്കുന്ന മൈതാനം. കാട്ടിൽ നിന്നു പുല്ല് മേഞ്ഞു വരുന്ന കാലി കൂട്ടങ്ങൾ വൈകുന്നേരങ്ങളിൽ മൈതാനത്ത് കൂടി ചിതറി നടക്കുന്നു. അവയുടെ കഴുത്തിലെ ചിരട്ട മണികൾ ഇന്നുംചെവികളിൽ മുഴങ്ങുന്നു.

മിക്ക വൈകുന്നേരങ്ങളിലും ഓണത്തിന് കളിക്കാനുള്ള ഫുട്ബോൾ കളിയുടെ പ്രാക്റ്റീസ് ആയിരിക്കും ഗ്രൗണ്ടില്‍ അരങ്ങു തകര്‍ക്കുന്നത് . ചേട്ടന്മാർ ഫുട്ബോൾ കളിക്കുമ്പോൾ അത് കൗതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. പിന്നെ അത് പഠിച്ചതും ഇവിടെ നിന്ന് തന്നെ. ഓണം ആയാല്‍ ഒരു ഓണതോക്ക് വേണമല്ലോ. സുകുച്ചായന്‍റെ കടയില്‍ നിന്ന് അപ്പച്ചന്‍ ഒരു ഓണതോക്ക് വാങ്ങി തരും. പൊട്ടാസ് പൊട്ടുമ്പോളുള്ള ആ വെളുത്ത പുകയും ശ്വസിച്ച് ഗ്രൗണ്ടില്‍ കൂടി ഓടി നടക്കുമ്പോള്‍ ഞാന്‍ അറിഞ്ഞില്ല ബാല്യം എന്ന ആ നല്ല കാലം എന്നെ വിട്ട് പോകുമെന്ന്‌.

ചില ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ ഓണ കളികള്‍ തുടങ്ങും. പിന്നെ ഏത് സമയത്തും ഗ്രൗണ്ടില്‍ തന്നായിരിക്കും. ക്ഷീണിക്കുമ്പോള്‍ എതിര്‍വശത്തുള്ള സിബിച്ചായന്‍റെ വീട്ടില്‍ കയറും. പിന്നെ വൈകുന്നേരം വരെ അവിടിരിക്കും. കസേര കളിക്കും,സുന്ദരിക്ക് പൊട്ടു തൊടുന്നതിനും മിക്കവാറും ചേരും സമ്മാനം കിട്ടില്ലെങ്കിലും അതിന് ചേര്‍ന്ന് കഴിയുമ്പോള്‍ മനസ്സിന് കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അത് അന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അന്നത്തെ കബഡി കളിയും, വടം വലിയും, ഉറിയടിയും ഓര്‍മ്മയുണ്ടെങ്കിലും പെട്ടന്ന് ഓര്‍ക്കുന്നത് കളിയുടെ താളത്തിന് കോളാമ്പിയില്‍ കൂടി കേള്‍ക്കുന്ന അനൌണ്‍സ്മെന്‍റ് ആണ്.

തിരക്കൊഴിഞ്ഞ മൈതാനത്തെ ഒന്നുകൂടി നോക്കി ഓണ അവധി കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ആയിരുന്നു. ആ വിങ്ങല്‍ പിന്നെ ഞാന്‍ അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു ചതയ ദിനത്തിനാണ്. എന്നെ ഈ നാടുമായി അടുപ്പിച്ച എന്‍റെ അപ്പച്ചന്‍റെ വിറങ്ങലിച്ച ശരീരത്തെ അവസാനമായി കാണാന്‍ ഓടിയെത്തിയപ്പോള്‍ ഞാന്‍ ശരിക്കും തകര്‍ന്നിരുന്നു.

ഓര്‍മ്മകളെ ഈ മരുഭൂമിയുടെ ഏകാന്തതയില്‍ കോര്‍ത്തിണക്കുമ്പോള്‍ ആ ഓര്‍മ്മകളില്‍ കൂടുതലും ഗൃഹാതുരത്വ ഓര്‍മ്മകള്‍ ആണ് .അതില്‍ എന്നും ഞാന്‍ പിച്ച വെച്ച് നടന്ന കറവൂരും അതിലെ നിവാസികളും ഉണ്ടായിരിക്കും