വര്‍ഷത്തില്‍ മുപ്പത് ദിവസത്തേക്ക് നാട്ടില്‍ വന്നിട്ട് മുപ്പത്തി ഒന്നിന് തിരിച്ച് പോകുന്ന ഞാന്‍ ഇപ്പോള്‍ സ്ഥിരവാസം നാട്ടില്‍ ആക്കിയപ്പോഴേക്കും ആകെ കിളിപോയ ഒരു അവസ്ഥ. അങ്ങനെ പോയ കിളിയുടെ വരവും നോക്കിയിരിക്കുമ്പോഴാണ് പതിവ് പോലെ മുതലാളിയുടെ വിളി. അങ്കമാലിക്ക് വിട്ടാലോ ഒരു പണി ശരിയായി. കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ ok പറഞ്ഞു. അങ്കമാലി പോര്‍ക്കും മാങ്ങാ കറിയുമൊക്കെ എന്‍റെ നാവിലൂടെ മിന്നി മാഞ്ഞു. നാലഞ്ച് ദിവസത്തെ പണി ഉള്ളത് കൊണ്ട് താമസം അവിടെയാണ് . അത്യാവശ്യ സാധനങ്ങള്‍ എല്ലാവരും കരുതി എങ്കിലും കൈയില്‍ കിട്ടിയത് എല്ലാം ഞാന്‍ പെട്ടിയില്‍ ആക്കി. എന്‍റെ അത്രയും ഉള്ള ഒരു വലിയ പെട്ടി. ആ പെട്ടി ഈ പൊട്ടന്‍ തലയില്‍ വെച്ച് കൊണ്ട് നേരെ ഓഫീസിലേക്ക് കുതിച്ചു.എല്ലാവരും എത്തി തുടങ്ങി. എന്‍റെ മട്ടും ഭാവവും കോലവും കണ്ടിട്ടാവും ഞങ്ങളില്‍ തല മുതിര്‍ന്ന ഞങ്ങളുടെ കാരണവര് അച്ചായന്‍ ഒരു ചിരി. ആ ചിരി ഒരു പുതിയ ഊര്‍ജ്ജം ആയിരുന്നു പകര്‍ന്നു നല്‍കിയത് . അങ്ങനെ ചിരിച്ചും കളിച്ചും തമാശ പറഞ്ഞും ഞങ്ങള്‍ പഞ്ച പാണ്ഡവര്‍ അങ്കമാലിയിലെ പ്രധാന മന്ത്രിയെ കാണുവാന്‍ യാത്രയായി. കോന്നിയും റാന്നിയും മണിമലയും പാലയും കടന്ന് മൂവാറ്റുപുഴയാറിന്‍റെ ഓരത്ത്കൂടി അങ്കമാലിയില്‍ എത്തി. സമയം ഉച്ചക്ക് രണ്ട് മണി. വിശപ്പ് അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തി. കുഴി മന്തി കിട്ടാത്ത നാട്ടില്‍ നിന്ന് വന്ന പിള്ളാരെ പോലെ എല്ലാവര്‍ക്കും ഇവിടുത്തെ കുഴിമാന്തി കഴിക്കാന്‍ ഒരു ഭൂതി. അങ്ങനെ സാക്ഷാല്‍ കുഴിമന്തി തപ്പി ഞങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു. അവസാനം തപ്പി പിടിച്ചു. വെണ്ടയ്ക്ക അക്ഷരത്തില്‍ കുഴിമന്തി എന്നെഴുതിയ ബോര്‍ഡും കണ്ടിട്ട് അവിടെ കയറിയപ്പോള്‍ സംഭവം അവിടെ ഇല്ല. ഇനി കറങ്ങാനുള്ള ആരോഗ്യം ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ മാഞ്ഞാലി ബിരിയാണിക്ക് ഓര്‍ഡര്‍ കൊടുത്ത് കാത്തിരുന്നു. ഇത്രയും വള്ളിപുള്ളി വിടാതെ പറഞ്ഞ സ്ഥിതിക്ക് മാഞ്ഞാലിയെ പറ്റി പറഞ്ഞില്ലെങ്കില്‍ അത് ഒരു മോശം ആകും. അങ്കമാലിക്ക് അടുത്തുള്ള ഒരു സ്ഥലമാണ് മാഞ്ഞാലി. അവിടെ കിട്ടുന്ന പൊരിച്ച കോഴീന്‍റെ കക്ഷണമുള്ള രുചികരമായ ഒരു ബിരിയാണിയാണ് ഈ മാഞ്ഞാലി ബിരിയാണി. ഈ പറഞ്ഞത് ചരിത്രം. എന്നാല്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ കടമ്പനാടുകാരന്‍(അടൂര്‍)എബിന്‍ സാര്‍ മാത്രം കടമ്പനാടിന് അടുത്തുള്ള മാഞ്ഞാലിയുടെ സ്വന്തം ബിരിയാണി ആണ് ഇതെന്ന് പറഞ്ഞ് തള്ളി. എന്തായാലും സംഭവം സൂപ്പര്‍ ആയിരുന്നു. ആഹാരവും താമസവും സംഘാടകര്‍ ഒരുക്കിയത് കൊണ്ട് അതിന് ഒരു ബുദ്ധിമുട്ട് വന്നില്ല . അങ്ങനെ ഞങ്ങള്‍ തല്‍സമയ സംപ്രേക്ഷണം എന്ന ഞങ്ങളുടെ ജോലിയിലേക്ക് പ്രവേശിച്ചു.





