അമ്മക്ക് ഇനി ഉള്ള ദിവസങ്ങള്‍ പരിഭവം പറച്ചിലിന്‍റെ ദിനങ്ങളാണ്. കാരണം മഴ തന്നെ. കലി തുള്ളുന്ന കാലവര്‍ഷത്തിന്‍റെ കഥന കഥകള്‍. വാഴ മറിഞ്ഞു ,ചേന ചരിഞ്ഞു ,റബ്ബര്‍ ഒടിഞ്ഞു, തെങ്ങ് പിഴുതു വീണു, അങ്ങനെ അങ്ങനെ ..... ചിലപ്പോള്‍ അങ്ങനെയാണ് ഒരു കുസൃതി കുരുന്നിന്‍റെ ഭാവമായിരിക്കും മഴയ്ക്ക്. എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ടേ മടങ്ങി പോകു.
ആ കുരുത്തംകെട്ട മഴയ്ക്ക് പണ്ട് കുറച്ച് കുരുത്തംകെട്ട പിള്ളേര് കൂട്ടുണ്ടായിരുന്നു. മഴയെ പേടിക്കാത്ത, ചെളി വെള്ളം കണ്ടാല്‍ ഒഴിഞ്ഞ് മാറാത്ത, കുട കറക്കി ദേഹത്തേക്ക് വെള്ളം വീഴ്ത്തുന്ന ,മഴയത്ത് ഉതിര്‍ന്ന് വീഴുന്ന മൂവാണ്ടന്‍ മാങ്ങക്ക് മത്സരിച്ചോടുന്ന, ചെളി വെള്ളത്തില്‍ ഫുട്ബോള്‍ കളിക്കുന്ന ഒരു കൂട്ടം പിള്ളാര്. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ നല്ല ഒന്നാന്തരം നാട്ടിന്‍പുറത്തെ പിള്ളാര്. ഞാനും ഒരു നാട്ടിന്‍പുറത്തുകാരനാണെന്ന് ഏത് നാട്ടില്‍ വെച്ച് പറയാനും ഇന്നും ഒരു അഭിമാനം ആണ്.
നാട്ടിലെ മഴയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ളതുമായ ഒരു മഴയുണ്ട് . മീനവും മേടവും നല്‍കിയ കൊടും ചൂടിന് ഒരു ശാശ്വത പരിഹാരമായി ഏകദേശം ഇടവ മാസം പകുതിയോടു കൂടി അവന്‍ വന്നെത്തും അവന്‍റെ പേരാണ് ഇടവ പാതി അല്ലെങ്കില്‍ ജൂണിലെ മഴ. മണ്‍സൂണ്‍ മഴ എന്ന ഓമനപേരും അവനുണ്ട്.
എന്‍റെ ഓര്‍മ്മയിലെ മഴയ്ക്ക് ഇന്നും കട്ടന്‍ കാപ്പിയുടെ മണമാണ്. ആവി പറക്കുന്ന കാപ്പിയുമായി തലേന്ന് തുടങ്ങി നിര്‍ത്താന്‍ ഭാവമില്ലാതെ രാവിലെയും പെയ്യുന്ന മഴയത്ത് വീടിന്‍റെ വരാന്തയില്‍ ഇരുന്ന് കാപ്പി കുടിക്കുമ്പോള്‍ ആ കുളിര്‍കാല പ്രഭാതത്തെ ചൂട് പിടിപ്പിക്കാന്‍ ശര്‍ക്കരയിട്ട ആ കട്ടന്‍ കാപ്പിക്ക് കഴിയുമായിരുന്നു.
ഓര്‍മ്മയിലെ മഴകാല കാഴ്ചകള്‍ മഴ പോലെ ഇന്നും മനസ്സിന് ഒരു കുളിര്‍മ്മ ആണ്. വീടിന്‍റെ മുന്നിലൂടെ കടന്നു പോകുന്ന ചെമ്മണ്‍പാതയിലൂടെ മഴ സമ്മാനിച്ച നീര്‍ച്ചാലുകള്‍ താഴെ തോടിനെ ലക്ഷ്യമാക്കി ഒഴുകുന്നതും,അടുക്കളക്ക് എന്ത് മഴ എന്ന ഭാവവുമായി തലയില്‍ ഒരു തുണിയും ഇട്ടുകൊണ്ട് കറിപിച്ചാത്തിയുമായി പറമ്പിലേക്ക് വാഴ ഇല വെട്ടുവാനായി ഓടുന്ന അമ്മയും , ചൂട് വാര്‍ത്തകളുമായി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പത്രകെട്ടുകളുമായി സൈക്കിള്‍ ചവിട്ടി വരുന്ന പത്രക്കാരനും, ഒരു കൈയ്യില്‍ കുടയും മറുകയ്യില്‍ പാലുമായി പോകുന്ന പാലക്കാരന്‍ ചേട്ടനും, "പിടക്കുന്ന മത്തിയെ" എന്ന സ്ഥിരം പല്ലവിയുമായി പാള തൊപ്പി ചൂടി വരുന്ന മീന്‍കാരന്‍ കൊച്ചാട്ടനും, മണ്‍പാതയില്‍ കെട്ടികിടക്കുന്ന മഴവെള്ളത്തില്‍ ദേഹം മിനുക്കുന്ന കാക്കകൂട്ടങ്ങളും, എന്‍റെ മഴകാല ഓര്‍മ്മയിലെ ചിലര്‍ മാത്രം . .....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ