ചിത്രം: കടപ്പാട്
2012 ഡിസംബര്‍ 17 ന് നാം ഉണര്‍ന്നത് രാജ്യ തലസ്ഥാനത്ത് തലേന്ന് രാത്രിയില്‍ നടന്ന ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത ക്രുര പീഡനത്തിന്റെ വാര്‍ത്ത കേട്ടുകൊണ്ടാണ്. ഓടികൊണ്ടിരുന്ന ബസില്‍ ആറു പേര് ചേര്‍ന്ന് 40 മിനിറ്റ് നീണ്ട പൈശാചികതയ്ക്കൊടുവിൽ ജീവച്ഛവമായ പെൺകുട്ടിയെ ബസിൽ നിന്ന് എറിഞ്ഞ വാര്‍ത്ത. ഹൃദയം ഉള്ള ഓരോ മനുഷ്യന്റെയും ഹൃദയം തകര്‍ന്ന സമയം . കണ്ണില്ലാത്ത കാടത്തത്തിന് മുന്നിൽ രാജ്യം തലകുനിച്ച നിമിഷം. നാം അവളെ "നിര്‍ഭയ" എന്ന് വിളിച്ചു. നമ്മുടെ സഹോദരിയായും മകളായും കരുതി നാം അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുമ്പോൾ പുറത്ത് രാജ്യം അന്നുവരെ കാണാത്ത പ്രതിഷേധം അണപൊട്ടി. അവളുടെ ജീവനു വേണ്ടിയുള്ള പ്രാർഥനകളുമായി ജനം തെരുവിലിറങ്ങി, പ്രതിഷേധജ്വാലയുയർത്തിയ ഇന്ത്യൻ യുവത്വം അധികാരകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ചു.
എന്നാൽ പ്രാർത്ഥനകളും കാത്തിരിപ്പും വിഫലമാക്കി ഡിസംബർ 29 പുലര്‍ച്ചെ 2.15 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ അവൾ മരണത്തിന് കീഴടങ്ങി.
ഇന്ന് 2020 മാര്‍ച്ച് 20. നിര്‍ഭയ കൊല്ലപ്പെട്ടിട്ട് 7 വര്‍ഷവും 80 ദിവസവും തികയുന്ന ദിവസം. 2012 ഡിസംബര്‍ 17 ന് നാം ഉണര്‍ന്നത് ഹൃദയം തകരുന്ന ആ വാര്‍ത്ത കേട്ടിട്ടാണെങ്കില്‍ ഇന്ന് നാം ഉണര്‍ന്നത് നീതിയുടെ വാര്‍ത്ത കേട്ടിട്ടാണ്. സാധാരണ ഒരു മരണ വാര്‍ത്ത കേട്ട് നാം സന്തോഷിക്കില്ലെങ്കിലും ഇന്ന് ഭാരതം ഒന്നടങ്കം സന്തോഷിച്ചു. കാരണം അര്‍ഹിക്കപ്പെട്ട ശിക്ഷ കൊടുത്ത ദിവസം ആണ്. സ്ത്രീയെ കാമ വസ്തു ആയി മാത്രം കണ്ടു പിച്ചി ചീന്തുന്ന നരാതമന്മാരുടെ മരണം തുടര്‍ന്നും ഇങ്ങനെ തന്നെ ആയിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ക്രൂര ബലാത്സംഗം മൂലം മരണം അടഞ്ഞ അനേകം പെണ്‍കുട്ടികള്‍ നമ്മുടെ മണ്ണില്‍ ഇന്നുമുണ്ട്. അവരുടെ വീടുകളില്‍ ഇന്നും കണ്ണീര് തോര്‍ന്നിട്ടില്ല. ആ മാതാപിതാക്കളുടെ ഹൃദയ വേദന അവര്‍ണ്ണനീയമാണ്. അസിഫയും ഉന്നവിലെ പെണ്‍കുട്ടിയും ഗോവിന്ദചാമി എന്ന കാട്ടാളനാല്‍ മരണം വരിച്ച സൌമ്യയും നീതിയുടെ ബാക്കി പത്രങ്ങള്‍ ആണ്. പൊറുക്കാനാവാത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത് നമ്മുടെ നികുതി പണം കൊണ്ട് ജയിലുകളില്‍ തിന്നു കൊഴുക്കുന്ന അനേകം വിഷജന്തുക്കള്‍ ഇനിയുമുണ്ട്. ഭരണകൂടത്തിന്റെ തുടര്‍നടപടികള്‍ ഇവര്‍ക്കെതിരെ തിരിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ഭയയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു.
