2018 ഓഗസ്റ്റ് 25, ശനിയാഴ്‌ച

വല്ലപ്പോഴും ഓര്‍ക്കാം ആ പ്രളയത്തെ !!!!!!!!!


 ചിത്രം : കടപ്പാട് 

          പണ്ട് പഞ്ഞമാസം എന്ന് പേരുദോഷം  കേള്‍പ്പിച്ച കര്‍ക്കിടത്തെ  പറഞ്ഞയച്ചിട്ട് സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ കേരളം കാത്തിരിക്കുമ്പോള്‍ അന്ന് അപ്രതീഷിതമായി ക്ഷണിക്കാതെ എത്തിയ ഒരു അഥിതി ഉണ്ട് പ്രളയം എന്ന മഹാമാരി. ഓഗസ്റ്റ്‌ മാസം പകുതിയോടു കൂടിയുള്ള ആ മഴ ഒരു സാധാരണ മഴ ആയിട്ടാണ് നമ്മള്‍ എല്ലാം കരുതിയത്‌. എന്നാല്‍ എല്ലാരുടെയും പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് മഴ കനത്തു. മണിക്കൂറുകള്‍ നീണ്ട മഴ ദിവസങ്ങള്‍ക്ക് വഴിമാറി . അരുവികളും തോടുകളും കരകവിഞ്ഞു. ആറുകളും പുഴകളും കരയെ പുല്‍കി തുടങ്ങി. റോഡുകള്‍ മുങ്ങി തുടങ്ങി. ജനവാസ മേഖലകള്‍ ജലാശയങ്ങള്‍ ആയി മാറി .മലകളും കുന്നുകളും അതിന്‍റെ കരാള ഹസ്തങ്ങളാല്‍ മനുഷ്യ ജീവനുമേല്‍ സംഹാര താണ്ഡവമാടി.ഡാമുകള്‍  ഓരോന്നായ് തുറന്നു തുടങ്ങി. ഓഗസ്റ്റ്‌ 16 പ്രഭാതം പുലര്‍ന്നത് ദൈവത്തിന്‍റെ സ്വന്തം നാട് വെള്ളത്തിന്‌ അടിയില്‍ ആയികൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത‍ കേട്ടിട്ടാണ്. എന്നിട്ടും നമ്മള്‍ പകച്ചു പോയില്ല. നമ്മള്‍ ഒന്നടങ്കം ഉണര്‍ന്നു. അത് തന്നെ ആയിരുന്നു നമ്മുടെ വിജയവും. നാം തോളോട് തോള്‍ ചേര്‍ന്നു,  നമുക്ക് ഒരു കൈ സഹായവുമായി ലോകത്തിന്‍റെ പല കോണുകളില്‍ നിന്ന് സഹായങ്ങള്‍ ഒഴുകി എത്തി.
        അന്യര്‍ക്ക് പ്രവേശനം ഇല്ലെന്ന ബോര്‍ഡ് പ്രളയം എടുത്തതു കൊണ്ടാകാം ദൈവം വസിക്കുന്ന ആലയങ്ങള്‍ മനുഷ്യര്‍ക്ക്‌ വസിക്കാനായി കാലം തുറന്നു കൊടുത്തത്. പ്രളയകാലം നമുക്ക് തിരിച്ചറിവുകളുടെ ചില പാഠങ്ങള്‍ ആയിരുന്നു."ആ പ്രളയത്തിനു മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പണത്തിനോ മതത്തിനോ നിറത്തിനോ കഴിഞ്ഞില്ല എന്നതാണ് ഒരു സത്യം".അമ്പലത്തിലും പള്ളികളിലും നിസ്കാര പായകൾ നാം ഒരുമിച്ചു വിരിച്ചു. പാവപ്പെട്ടവനും പണക്കാരനും ഒരു പാത്രത്തിൽ നിന്ന് കഴിച്ചു.  വിശപ്പിനേക്കാൾ വലുതല്ല ദുരഭിമാനമെന്ന് തിരിച്ചറിഞ്ഞു. ഈ മഹാ മാരിയെ നമ്മള്‍ അതിജീവിച്ച കഥ വരും തലമുറകള്‍ക്ക് പറഞ്ഞ് കൊടുക്കേണ്ടത്  നമ്മള്‍ ഓരോരുത്തരുടെയും കടമ ആണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ