ചിത്രം : കടപ്പാട്
ഇടവപ്പാതിക്ക് മുന്‍പുള്ള വേനല്‍ക്കാലം കര്‍ഷകരെ സംബന്ധിച്ച് നിരാശയുടെ മാസങ്ങള്‍ ആണ്. കരിഞ്ഞുണങ്ങിയ കൃഷി തോട്ടങ്ങളും ഉറവ വറ്റിയ ജലാശയങ്ങളും അവരുടെ സന്തോഷം തെല്ല് കുറക്കുമെങ്കിലും ഞങ്ങള്‍ കുട്ടികളുടെ സന്തോഷം ഈ സമയത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. കാരണം പരീക്ഷയേയും ഗൃഹപാഠത്തെയും, മാഷിനെയും മാഷിന്‍റെ ചൂരലിനെയും പേടിക്കണ്ടാത്ത ഒരു അവധിക്കാലം. പഠിക്കാത്തതിന്‍റെ പേരില്‍ വഴക്ക് കിട്ടാത്ത, തല്ല് കിട്ടാത്ത ഒരു കിടിലന്‍ വേനല്‍ അവധി.
ഉച്ചക്കത്തെ മീന ചൂട് ഉച്ചിയില്‍ തട്ടിയിട്ടും കൂസലാക്കാത്തൊരു ബാല്യം ഉണ്ടായിരുന്നു. കൂസലാക്കിയിട്ടും വലിയ കാര്യം ഇല്ല. കാരണം കാത്തിരുന്നു കിട്ടിയ ഒരു അവധിക്കാലം ആണ്. അവസാന പരീക്ഷ കഴിയുമ്പോള്‍ പിന്നെ വീട്ടിലേക്ക് ഒരോട്ടമാണ്. പിന്നീടുള്ള രണ്ടര മാസക്കാലം വീട്ടുകാര്‍ക്ക് തലവേദന ആണെങ്കിലും ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ച് ആഘോഷത്തിന്‍റെയും മത്സരത്തിന്‍റെയും ദിനങ്ങളായിരുന്നു. ആദ്യ മത്സരം കളി വണ്ടി ഉണ്ടാക്കുന്നത് ആയിരിക്കും. രഹസ്യമായി ആണ് എല്ലാരും വണ്ടി പണി തുടങ്ങുന്നെങ്കിലും ചാരന്മാരുടെ സഹായത്താല്‍ അന്വോന്യം അറിഞ്ഞിരിക്കും വണ്ടികളുടെ രൂപങ്ങള്‍. പറ്റുമെങ്കില്‍ ആദ്യ ദിവസം തന്നെ വണ്ടി പണി തുടങ്ങും. പിന്നീടുള്ള ദിവസങ്ങളില്‍ ബുക്കിലെ ബയണ്ടുകള്‍ വണ്ടിയുടെ സൈഡ് ബോഡി ആകും. വീട്ടിലെ പല ചെരുപ്പുകളും കത്തി കയറി ഇറങ്ങി വണ്ടി ചാടുകളായി പുനര്‍ജനിക്കും. ചുമരുകളില്‍ തൂങ്ങിയിരുന്ന ദൈവങ്ങള്‍ ലോറിയുടെയും ബസിന്‍റെയും ഉള്ളിലിരുന്ന് ചിരിക്കുന്നുണ്ടാകും. സമീപത്തെ റബ്ബര്‍ മരങ്ങളിലെ പല ചിരട്ടകളും കാലിയായിരിക്കും. ആ റബ്ബര്‍ പാലുകള്‍ പശയായി വണ്ടിക്ക് ബലം കൂട്ടും. വര്‍ണ്ണ കടലാസ്സുകളുടെ അഭാവം ചായപെന്‍സില്‍ കൊണ്ട് കൊണ്ട് തീര്‍ക്കും. കൈയ്യില്‍ കിട്ടുന്ന എന്തും ഉപകാര പ്രധമായ വസ്തുക്കളായി വണ്ടിക്കു മോടി കൂട്ടും.
റോഡില്‍ കൂടി ഓടുന്ന ഇഷ്ട വണ്ടികളുടെ പേരുകള്‍ കളിവണ്ടികളില്‍ സ്ഥാനം പിടിക്കും. അവസാനം ഒരു വലിയ ചരടിന്‍റെ സഹായത്താല്‍ വണ്ടികള്‍ ഉരുളുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പിന്നെ ഇടവഴികളും മണ്‍പാതകളും ഞങ്ങള്‍ കുട്ടിപട്ടാളത്തിന്‍റെ കൈകളിലാവും. പല രൂപത്തിലും നിറത്തിലും ലോറിയും ബസും ജീപ്പും ഓട്ടോയും നിരത്തിലിറങ്ങും. പിന്നെ കൂട്ടം കൂട്ടമായി വണ്ടികള്‍ പാഞ്ഞു നടക്കും. എങ്കിലും കൂട്ടത്തില്‍ കേമന്‍ ലോറി തന്നെ ആയിരിക്കും. ചെറിയ കുട്ടികള്‍ കൗതുകത്തോടെ ഞങ്ങളെ നോക്കുമ്പോള്‍ വണ്ടിക്കു വേഗം തനിയെ വരും.
ഞങ്ങളുടെ വണ്ടികള്‍ക്ക് ഓട്ടം കിട്ടിയില്ല എന്ന പരാതി ഇല്ല. ലോറികള്‍ മിക്കതും മണല്‍ ലോറികളാകും. ബസുകളില്‍ ചിലത് റൂട്ട് ബസ് ആയിരിക്കും .ചിലത് കല്ല്യാണ ബസ് ആയിരിക്കും. എങ്കില്‍ അതിന് പിറകെ രണ്ട് ജീപ്പും കാണും. ബസും ജീപ്പും പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ടാകും.റൂട്ട് ബസുകളില്‍ ദീര്‍ഘ ദൂര സര്‍വീസുകളും കാണും. അതിന് സ്പീഡും സൗണ്ടും കൂടുതലാണ്. പിന്നെ ഓട്ടോയും ജീപ്പും അത് ട്രിപ്പ് അടി തന്നെ.
ചില ദിവസങ്ങളില്‍ വണ്ടിയും വലിച്ച് രാവിലെ ഇറങ്ങിയാല്‍ തിരികെ വരുന്നത് തോന്നുന്ന സമയത്ത് ആയിരിക്കും. തിരിച്ച് വരുമ്പോള്‍ വീട്ടില്‍ നിന്ന് ശകാരവും ചില സമയങ്ങളില്‍ അടിയും ഞങ്ങള്‍ക്ക് പുതുമയുള്ളത് അല്ല. ആ യാത്രകള്‍ ഇന്നലകള്‍ പോലെ ഇന്നും മനസ്സില്‍ ജീവിക്കുന്നു. ഓടുമ്പോള്‍ ഞങ്ങളുടെ വണ്ടികള്‍ക്ക് ശബ്ധം ഇല്ലെങ്കിലും ശബ്ധം ഞങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഞങ്ങടെ യാത്ര നാട് അറിയും. നാട്ടുകാരറിയും, കൂടെ നാട്ടിലെ നായ്ക്കളും. ഞങ്ങളുടെ യാത്രയുടെ ഉദ്ദേശം വണ്ടിവലിക്കല്‍ ആണെങ്കിലും അതില്‍ മറ്റൊരു ഉദേശം ഇല്ലാതില്ല.
അവധിക്കാലത്തിന് മാമ്പഴത്തിന്‍റെ മനം കുളിര്‍പ്പിക്കുന്ന മണം കൂടി ഉള്ളത് കൊണ്ടാകാം. ഞങ്ങളുടെ യാത്രയില്‍ കണ്ണുകള്‍ നല്ല മൂവാണ്ടന്‍ മാവുകളെയും കിളി ചുണ്ടന്‍ മാവുകളെയും തേടി കൊണ്ടേയിരുന്നു. അന്നെല്ലാം പറമ്പുകള്‍ ഉടമസ്ഥന്‍റെയും മാവും മാങ്ങയും ഞങ്ങളുടെയും എന്ന മട്ടായിരുന്നു. അവസാനം മാവ് കിട്ടി കഴിഞ്ഞാല്‍ ഞങ്ങള്‍ എല്ലാരും കൂടി ഒത്ത് കൂടും. വണ്ടികള്‍ വശങ്ങളില്‍ ഒതുക്കും .പിന്നെ പ്ലാനിംഗ് ആണ്. മാമ്പഴം നുണയാനുള്ള തന്ത്രത്തി ന്‍റെ വഴികള്‍. അത് കഴിഞ്ഞാല്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണ് വെട്ടിച്ച് മാവിന്‍ ചുവട്ടില്‍ എത്തും. കൈയ്യില്‍ നല്ല ഉരുളന്‍ കല്ലുകളും പത്തലുകളും എടുക്കും. ഉദേശിക്കുന്ന മാമ്പഴം വീണില്ലെങ്കില്‍ പിന്നെ അവസാനത്തെ വഴി മരം കയറ്റം.
മരം കയറ്റം അത്ര വശം ആല്ലെങ്കിലും വലിഞ്ഞു പിടിച്ചു കയറും. കയ്യും കാലും ഉരഞ്ഞുള്ള മരം കയറ്റം കുട്ടികാലത്ത് ഒരു സാഹസം തന്നെ ആയിരുന്നു. മുകളില്‍ എത്തുമ്പോള്‍ നെഞ്ചത്ത് ചോര തുള്ളികള്‍ പൊടിഞ്ഞിട്ടുണ്ടാവും. അവസാനം മുകളില്‍ എത്തി മാമ്പഴം കിട്ടുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ചിലപ്പോള്‍ മര കൊമ്പിലിരുന്ന് തന്നെ മാമ്പഴം കഴിക്കും. കൈകളിലൂടെ ഒലിച്ചിറങ്ങുന്ന മാമ്പഴ ചാറ് നെഞ്ചത്തെ ചോര തുള്ളികളുമായി കലരുമ്പോളുള്ള നീറ്റല്‍ ഒരു സുഖം കലര്‍ന്ന വേദന ആയിരുന്നു. അങ്ങനെ ആസ്വദിച്ച് കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ ആയിരിക്കും " ആരെടാ പറമ്പില്‍ " എന്നൊരു അശിരീരി. പിന്നെ ഇടവും വളവും നോക്കാതെ കാണുന്ന വഴികളില്‍ കൂടി ഒരോട്ടമാണ്. അതുവരെ ഉരുട്ടി കൊണ്ട് നടന്ന വണ്ടികള്‍ കൈകളില്‍ എന്തികൊണ്ടുള്ള ആ ഓട്ടം കാലം എത്ര കഴിഞ്ഞിട്ടും ഇന്നും മനസ്സിലേക്ക് അറിയാതെ ഓടി എത്താറുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ