2017 ജൂലൈ 30, ഞായറാഴ്‌ച

സമര്‍പ്പിക്കാനായി ഒരു സൗഹൃദ ദിനം

             ഈ കഴിഞ്ഞ അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍  വീട്ടലെ പുസ്തക കെട്ടുകളില്‍ എന്തോ തിരയുന്ന സമയത്താണ് അത് കണ്ണില്‍ ഉടക്കിയത്. കാലം പൊടി പിടിപ്പിച്ച നിറം മങ്ങിയ ഒരു പേപ്പര്‍.വലിയ അക്ഷരങ്ങളില്‍ കുത്തികുറിച്ച കുറച്ച് വരികള്‍. "വെളുപ്പിനെ ഉള്ള ബാങ്കുവിളി കേട്ടാണ് അയാള്‍ ഉണര്‍ന്നത്." എന്ന് തുടങ്ങുന്ന ഒരു കഥ. അവസാനം വായിച്ചു കഴിഞ്ഞ്  എഴുതിയ പേര് കണ്ടപ്പോള്‍ ആണ് വര്‍ത്തമാനകാലത്തില്‍ നിന്ന് ഭൂതകാലത്തേക്ക് ഞാന്‍ ചേക്കേറിയത് .
           അത്  "നജുമ". കലാലയ ജീവിതത്തിലെ പ്രിയ സുഹൃത്ത്‌. പുസ്തക കെട്ടുകളെ മാറോടണച്ച് അവസാന ബെല്ലിന്‍റെ അവസാന നിമിഷം ഓടി കിതച്ചു വരുന്ന ഒരു നാട്ടിന്‍പുറത്ത്കാരി. തട്ടം ഇട്ട ഒരു കുറുമ്പി പെണ്ണ്. ചില സമയങ്ങളില്‍ കാര്‍മേഘം കൊണ്ട ആകാശം പോലെയും ചില നേരങ്ങളില്‍ മഴവില്ല് കണ്ട മയില്‍ പേട പോലെയും അവള്‍ കാണപെട്ടു. "സന്തോഷത്തില്‍ മുഴുകിയിരിക്കുക" എന്നതാണ്  ആ പേരിന്‍റെ അര്‍ത്ഥം എങ്കിലും  നെടുവീര്‍പ്പുകളുടെ ഒരു ഭാണ്ഡകെട്ട് തന്നെ അവള്‍ ചുമന്നിരുന്നു. ആ അവസ്ഥയിലും ഉള്ള സന്തോഷത്തെ ഓണം പോലെ  അവള്‍ ആഘോഷിച്ചിരുന്നു.
             കഥകളുടെയും കവിതകളുടെയും ലോകത്തേക്ക് എന്നെ കൈ പിടിച്ചുയര്‍ത്തി എനിക്ക്  വേണ്ട പ്രോത്സാഹനം തന്നവരില്‍ മുന്‍പന്തിയില്‍ ഉള്ളവള്‍. പഠനത്തിന്‍റെ ഇടവേളകളില്‍ അവള്‍ കുത്തി കുറിച്ച കഥയാണ്‌ അന്ന് പുസ്തക കെട്ടുകള്‍ക്കിടയില്‍ നിന്ന് എനിക്ക് ലഭിച്ചത് .
            പഠനത്തിന് ശേഷം ആ സുഹൃത്തിനെ പിന്നെ ഒരിക്കലും കണ്ടിട്ടില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ പലപ്പോഴും ആ കണ്ണുകളെ ഞാന്‍ അന്വേഷിച്ചിരുന്നു. കണ്ടെത്താന്‍ കഴിഞ്ഞില്ല. കാലം ആ മുഖം എന്നില്‍ നിന്ന് മറച്ചെങ്കിലും ഓര്‍മ്മയില്‍ ആ തട്ടം ഇട്ട പെണ്‍കുട്ടി ഇന്നും തങ്ങിനില്‍ക്കുന്നു.
            ലോകം എന്ന് സൗഹൃദ ദിനം കൊണ്ടാടുന്ന ഈ ദിനത്തില്‍ ഇന്നത്തെ ദിവസം പ്രിയ സുഹൃത്തിനായി സമര്‍പ്പിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ